തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആയതോടെ ഈ അധ്യയന വര്‍ഷം തന്നെ എം.ബി.ബിഎസ്, പി.ജി, ബി.ഡി.എസ്, ഡിപ്ലോമ കോഴ്‌സുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജും അതിന്റെ കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ പോലെ നടത്തിപ്പിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചിരുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ എം.ബി.ബി.എസ്, പി.ജി. മുതലായ കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ വൈകാതെ ആരംഭിക്കേണ്ടതിനാല്‍ 11 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ 1, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 2, അക്കൗണ്ട് ഓഫീസര്‍ 1, സീനിയര്‍ സൂപ്രണ്ട് 3, ജൂനിയര്‍ സൂപ്രണ്ട് 4 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.
എം.ബി.ബി.എസിന് 100 ഉം ബി.ഡി.എസിന് 60 ഉം സര്‍ക്കാര്‍ സീറ്റുകളാണ് ലഭിക്കുക. എം.ഡി. ജനറല്‍ മെഡിസിന്‍, എം.ഡി. ഡെര്‍മറ്റോളജി, എം.ഡി. പീഡിയാട്രിക്, എം.എസ്. ജനറല്‍ സര്‍ജറി, എം.എസ്. ഓര്‍ത്തോപീഡിക്‌സ്, എം.എസ്. ഇ.എന്‍.ടി, എം.ഡി. റേഡിയോ ഡയഗ്നോസിസ്, എം.ഡി. ചെസ്റ്റ് ഡിസീസ്, എം.ഡി. അനസ്തീഷ്യ, എം.ഡി. എമര്‍ജന്‍സി മെഡിസിന്‍, എം.ഡി. സൈക്യാട്രി, എം.എസ്. ഒഫ്ത്താല്‍മോളജി, ഡി.എല്‍.ഒ. ഇ.എന്‍.ടി, ഡി.ഡി.വി.എല്‍. ഡെര്‍മറ്റോളജി, ഡി.ജി.ഒ., ഡി.സി.എച്ച്., ഡി. ഓര്‍ത്തോ, എം.ഡി. പത്തോളജി, എം.ഡി. മൈക്രോബയോളജി, എം.ഡി. ഫിസിയോളജി, എം.ഡി. കമ്മ്യൂണിറ്റി മെഡിസിന്‍, എം.എസ്.സി. നഴ്‌സിംഗ്, എം.ഫാം ഫാര്‍മക്കോളജി, തുടങ്ങിയ വിഭാഗങ്ങളിലായി 74 സര്‍ക്കാര്‍ പി.ജി സീറ്റുകളാണ് ലഭിക്കുന്നത്.
