പശുക്കള്‍ കൂട്ടത്തോടെ ചത്തു: പ്രകോപിതനായ യോഗി എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അലഹബാദ്: ഉത്തര്‍പ്രദേശില്‍ പശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോപാകുലനായ യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രാമപഞ്ചായത്ത് ഓഫീസര്‍, അയോധ്യ മുന്‍സിപ്പാലിറ്റി ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസര്‍, ഡപ്യൂട്ടി ചീഫ് വെറ്റിനറി ഓഫീസര്‍, മിര്‍സപുര്‍ ജില്ലയിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.എ.കെ സിംഗ്, നഗര്‍ പാലിക എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുകേഷ് കുമാര്‍, മുന്‍സിപ്പാലിറ്റി സിറ്റി എഞ്ചിനിയര്‍ രാംജി ഉപാദ്ധ്യായ് എന്നിവര്‍ക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് നടപടി.

സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റുള്‍പ്പെടെ മൂന്ന്‌പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രയാഗ് രാജ് കമ്മീഷണറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ‘പശുക്കള്‍ക്ക് വൈദ്യസഹായം നല്‍കുന്നതും, കാലിത്തീറ്റ ഒരുക്കുന്നതും, തൊഴുത്തുകള്‍ ഉണ്ടാക്കുന്നതുമൊക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണ്’-യോഗി ആദിത്യനാഥ് പറഞ്ഞു. ജൂലായ് 12ന് പ്രയാഗ് രാജിലെ തൊഴുത്തില്‍ 35 പശുക്കളും അയോധ്യയിലെ ഒരു തൊഴുത്തില്‍ 50 പശുക്കളും ചത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *