ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിച്ച പത്തോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വീട്ടു തടങ്കലുകളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.
കരുതല്‍ തടങ്കലില്‍ കഴിയുന്ന സി.പി.എം. നേതാവും കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയിലുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. കശ്മീരില്‍ അഭിപ്രായ സ്വതന്ത്ര്യവും വ്യക്തിസ്വാതന്ത്യവും മരിവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടി കാണ്ടി സാമൂഹ്യ പ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനവല്ല നല്‍കിയ ഹര്‍ജിയിലും വാദം കേള്‍ക്കും.
കൂടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെമുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും സ്വതന്ത്ര രാഷ്ട്രീയക്കാരനുമായ ഷാ ഫൈസലും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഷെഹല റാഷിദും ചേര്‍ന്ന് നല്‍കിയ സംയുക്ത ഹര്‍ജിയാണ് മറ്റൊന്ന്. സമാനമായ ആവശ്യമുന്നയിച്ച് ആറ് മുന്‍ സൈനിക ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
