കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ റിങ്കു സുകുമാരനെ അടിച്ച കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശം തറയില്‍മീത്തല്‍ ആര്യ(26) ആണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കളമശേരിയില്‍ കൊച്ചി സര്‍വകലാശാലയ്ക്കു (കുസാറ്റ്) കീഴിലുള്ള ഹോസ്റ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മേട്രനാണ് ആര്യ. സംഭവം നടന്നു 10 ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കാറുകളുടെ പാര്‍ക്കിങ് ഏരിയയില്‍ വച്ച ആര്യയുടെ സ്കൂട്ടര്‍ റിങ്കു തൊട്ടപ്പുറത്തേക്കു നീക്കി വച്ചതായിരുന്നു കാരണം. സ്കൂട്ടര്‍ നീക്കിവയ്ക്കുന്നതു കണ്ടു കുപിതയായ യുവതി പാഞ്ഞെത്തി ജീവനക്കാരന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിനു സാക്ഷികളായ നാട്ടുകാരും ആശുപത്രിയിലെ ഇതര ജീവനക്കാരും ചേര്‍ന്ന് യുവതിയെ തടഞ്ഞുവച്ചു. പൊലീസ് എത്തി മോചിപ്പിച്ചെങ്കിലും കേസെടുത്തില്ല. പരാതി കൊടുത്തപ്പോള്‍ ജീവനക്കാരനെ പീഡന കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി.
അറസ്റ്റ് നീണ്ടതോടെ യുവതി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യവും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനിടെ യുവതിയുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് ഇന്നലെ രാവിലെ റിങ്കുവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചതും വിവാദമായി. ഐഎന്‍ടിയുസി നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയാണ് റിങ്കുവിനെ മോചിപ്പിച്ചത്.
ആര്യയെ പ്രതിയാക്കി ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ റജിസ്ട്രാറോടു ശുപാര്‍ശ ചെയ്യുമെന്നു കുസാറ്റ് അധികൃതര്‍ പറഞ്ഞു.
