തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ പോലും ഉള്‍ക്കൊള്ളാത്ത വിധം സി പി എം വിഭാഗീയത എത്തിയിരിക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നതിന്റെ അര്‍ഥം ഇപ്പോഴാണ് മനസിലാകുന്നത്. എല്‍ ഡി എഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി എസിനെ തന്നെയാണെന്ന് എല്ലാവര്‍ക്കും കൃത്യമായി മനസിലാകുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം നേതാവിനെ അംഗീകരിക്കാത്തവര്‍ക്ക് കേരളത്തിലെ ജനങ്ങളെ ഒന്നായികാണാന്‍ എങ്ങനെ കഴിയുമെന്നത് പ്രസക്തമാണ്. അസഹിഷ്ണുതയുടെ പര്യായമായി സി പി എം മാറി. ബി ജെ പിയും സി പി എമ്മും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ബി ജെ പിയുടെ അസഹിഷ്ണുതയെ ചെറുക്കുന്നെന്ന് അവകാശപ്പെടുന്ന യെച്ചൂരിയും കൂട്ടരും സഹപ്രവര്‍ത്തകര്‍ക്കിടയിലെ അസഹിഷ്ണുത തിരുത്താന്‍ തയ്യാറാവുമോ എന്നും സുധീരന്‍ ചോദിച്ചു.
