അബ്കാരി തൊഴിലാളികളുടെതുള്‍പ്പെടെ എല്ലാ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന് അനുഭാവ പൂര്‍ണ്ണമായി നിലപാടാണുള്ളതെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സംസ്ഥാനതല വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അബ്കാരി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വര്‍ധിപ്പിക്കുന്നതിന് ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ധന-നിയമ വകുപ്പുകളുടെ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നടപടിക്രമങ്ങള്‍ പാലിച്ച് നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്രിസ്മസിന് മുന്‍പ് പെന്ഷന് കുടിശിക ഉള്‍പ്പെടെയുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ത്ത് സാധാരണ ജനങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊപ്പം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരവുമുറപ്പാക്കുകയാണ്.
തൊഴിലാളികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തൊഴിലാളി സംഘടനകള്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന മിനിമം കൂലി 176 രൂപയാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ മിനിമം വേതനത്തില്‍ വലിയ വര്‍ധന വരുത്തി ചുരുങ്ങിയ കൂലി 600 രൂപയെങ്കിലുമാക്കി മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി വര്‍ജ്ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങളുമായി തൊഴിലാളികളും തൊഴിലാളി സംഘടനകളും പങ്കു ചേരണം. ലഹരിവിപത്തിനെതിരേയുള്ള സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏവരും സന്നദ്ധമാകണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സി.കെ.മണി ശങ്കര്‍ സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാമോഹന്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ബിനാമോള്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തൈക്കാട് പി.ഡബ്ളു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ‘2018-2019 അദ്ധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അബ്കാരി തൊഴിലാളികളുടെ മക്കള്‍ക്ക് മന്ത്രി സമ്മാന വിതരണം നടത്തി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും, സ്വര്‍ണ നാണയവും, പ്രൊഫഷണല്‍ കോഴ്സുകളില്‍ അഡ്മിഷന് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
