മലപ്പുറം എന്തൊരു ചൂട്.. രണ്ടാള്‍ കണ്ടാല്‍ ഇന്ന് സംസ്ഥാനത്ത് ആദ്യം പരിഭവം പറയുന്ന വാക്കുകളാണിവ. എന്തുകൊണ്ട് ചൂട്, എന്തുകൊണ്ട് കാലാവസ്ഥ മാറുന്നു ഇത്തരം കാര്യങ്ങളൊന്നും ഈ ചോദ്യത്തിന് പിന്നില്‍ പ്രസക്തമല്ല. ഭൗമദിനം ഇന്നലെയും ആചരിച്ചു. പലവിധത്തില്‍. കൂടുതലും പ്രസ്താവനകളും ഭൂമിയുടെ അവസ്ഥയിലുള്ള ആശങ്കയുമായി ഒതുങ്ങി. ചൂട് താങ്ങാനാവില്ല അത്രമാത്രം. എയര്‍കണ്ടീഷണറുകള്‍ കേരളത്തില്‍ അല്പകാലം മുമ്പു വരെ ആഡംബര വസ്തുവായിരുന്നു. എന്നാല്‍ ഇത് ഇന്ന് അവശ്യവസ്തുവായി മാറുകയാണ്. എയര്‍ കണ്ടീഷണര്‍ വിപണിയില്‍ ഒന്നു കണ്ണോടിച്ചാല്‍ ഇതിന്റെ വിപണിയിലെ ആവശ്യം വ്യക്തമാവും. ഓര്‍ഡര്‍ നല്കിയാല്‍ പോലും ഡീലര്‍മാര്‍ക്ക് അന്നു തന്നെ കേരളത്തില്‍ പലയിടത്തും എ സി ഫിറ്റ് ചെയ്ത് നല്കാന്‍ കഴിയാത്ത വിധം ആവശ്യക്കാരേറി. മുമ്പ് കോര്‍പ്പറേറ്റ് ഓഫിസുകളും ധനികരുടെ ഭവനങ്ങളിലുമുണ്ടായിരുന്ന എയര്‍ കണ്ടീഷണറുകളും എയര്‍ കൂളറുകളും ഇന്ന് ഇടത്തരക്കാരന്റെ കുടുംബങ്ങളിലും കടകളിലും എത്തിക്കഴിഞ്ഞു. കുംഭമാസത്തില്‍ കര്‍ഷകരെ തുണയ്ക്കാനും ചൂടു ശമിപ്പിക്കാനും ഒരു വേനല്‍ മഴ ശക്തമായി കിട്ടിയിരുന്നു. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യമെന്നത് പഴമൊഴിയായി മാറുന്നതാണിപ്പോള്‍ കാണുന്നത്. മേടം പിറന്നു കഴിഞ്ഞിട്ടും സംസ്ഥാനത്തിന്റെ പലഭാഗത്തും വേനല്‍മഴ കിട്ടിയിട്ടില്ല. കേരളത്തില്‍ കുടിവെള്ളം കിട്ടാതെയായി. പലജില്ലകളിലും താപനില 40നോടടുത്തു. പാലക്കാട് ജില്ലയില്‍ 41 ആയി. ഗള്‍ഫ് നാടുകളിലെ 40ന് മുകളിലുള്ള ചൂട് കേട്ടറിവുണ്ടായിരുന്ന കേരളത്തില്‍ അത് കണ്‍മുമ്പിലെത്തിക്കഴിഞ്ഞു.
ഓരോ വര്‍ഷവും നോക്കിയാല്‍ വ്യക്തമാവുന്ന കാര്യമുണ്ട്. രാജ്യത്ത് ചൂടു കൂടിവരുകയാണ്. മഹാരാഷ്ട്രയിലും മറ്റും വീടും സ്ഥലവും വിട്ട് ജലം തേടിയുള്ള പാലായനത്തിലേക്ക് കാര്യങ്ങളെത്തി. ആഗോള താപനം ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഭൗമദിനാചരണം തന്നെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിച്ച് ഭൂമിയെ സംരക്ഷിക്കാനാണ്. 1970 ഏപ്രില്‍ 22ന് അമേരിക്കയിലാണ് ഭൗമദിനം ലോകത്ത് ആദ്യമായി ആചരിച്ചത്. അമേരിക്കന്‍ സെനറ്റര്‍ ഗേലോഡ് നെല്‍സണ്‍ ആണ് ഇതിന് നേതൃത്വം നല്കിയത്. 46 വര്‍ഷത്തിന് ശേഷം അതിന്റെ പ്രാധാന്യം എത്ര വലുതാണെന്ന ലോകം അറിഞ്ഞുകഴിഞ്ഞു. 1992ല്‍ റിയോഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയോടെ ഭൗമദിനാചരണത്തിന് പ്രാധാന്യം കൂടുതല്‍ ലഭിച്ചു. ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും ദിനാചരണം നടക്കുന്നത്.
വര്‍ധിച്ചുവരുന്ന ചൂട് പ്രകൃതിയിലേക്ക് തിരിയാനുള്ള ഓര്‍മപ്പെടുത്തലാണ്. ഭൂമിയും പ്രകൃതി വിഭവങ്ങളും വരും തലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം ഈ തലമുറയ്ക്ക് വേണം. അതിനാല്‍ പ്രകൃതി സംരക്ഷണം തുടങ്ങാന്‍ ഇനി വൈകരുത്. അങ്ങനെ വന്നാല്‍ അത് അടുത്ത തലമുറയെയല്ല ഈ തലമുറയെ തന്നെ ഇല്ലാതാക്കും. വന നശീകരണത്തിലൂടെയും വാഹനപ്പെരുപ്പത്തിലൂടെയും കോണ്‍ക്രീറ്റ് സൗധങ്ങളും പ്രകൃതിയെ കണക്കിലെടുക്കാത്ത വികസനത്തെയും തുടര്‍ന്ന് അനുദിനം നശിക്കുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചു പിടിക്കാനുള്ള ശ്രമം വ്യക്തിപരമായും ഭരണകൂടം വഴിയായുമുണ്ടാവണം. വികസനം നടത്തുമ്പോള്‍ അത് പ്രകൃതിയെ ക്ഷയിപ്പിച്ചാവരുത്. ഭൂമിക്കായി മരങ്ങള്‍ എന്നതായിരുന്നു ഇന്നലെ കഴിഞ്ഞ ഭൗമദിനത്തിലെ സന്ദേശം. അനുദിനം നശിക്കുന്ന ഭൂമിക്ക് ജീവനേകാന്‍ ഇതിലൂടെ കഴിയും. അത് നടപ്പാക്കേണ്ടത് മനുഷ്യന്‍ തന്നെയാണ്. മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ ഈ പ്രകൃതിയില്‍ സ്വഛമായി ജീവിക്കാന്‍ അവകാശമുള്ള മറ്റു ചിലരും ഇല്ലാതാവുകയാണ്. പ്രകൃതിനാശത്തിലൂടെ പക്ഷിമൃഗാദികളും കടുത്ത ചൂടിലും വെള്ളം കിട്ടാതെയും ചത്തൊടുങ്ങുകയാണ്. ഇതും ഗുരുതര സംതുലിതാവസ്ഥ തകര്‍ച്ചയിലെത്തിക്കും.
