പ്രവാസികളെ സംരക്ഷിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്.  വിദേശ രാജ്യങ്ങളില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരികയാണെങ്കില്‍ അവര്‍ക്ക് നിരീക്ഷണ കാലാവധി തീരും വരെ താമസമൊരുക്കാന്‍ മഹല്ലുകള്‍ക്ക് കീഴിലുള്ള സംവിധാനങ്ങള്‍ വിട്ടുനല്‍കാന്‍ കമ്മിറ്റികള്‍ തീരുമാനെടുത്തു. മദ്രസകള്‍, ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ വിട്ടുനല്‍കും. അവിടങ്ങളില്‍ താമസത്തിന് ആവശ്യമായ സൗകര്യങ്ങളുമൊരുക്കും.
വിദേശ നാടുകളില്‍, പ്രത്യേകിച്ച് ഗള്‍ഫില്‍, കോവിഡ് വ്യാപിക്കുന്നത് മൂലം പ്രവാസികളുടെ ആരോഗ്യത്തെ കുറിച്ച് വലിയ ആശങ്കയാണ് വളരുന്നത്. വിദേശത്തെ ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ മുറികളിലും നിരവധി പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇത് രോഗ വ്യാപനസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അസുഖബാധിതരായവരുണ്ടെങ്കില്‍ അവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളില്ല. പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കുന്നതാണ് പ്രശ്്‌നം പരിഹരിക്കാനുള്ള പോംവഴിയെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ രണ്ടാഴ്ച വീടിന് പുറത്ത് നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടി വരും. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലെത്തിയാല്‍ അവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് നിരീക്ഷണ കാലം താമസിക്കാനായി സൗകര്യമൊരുക്കാമെന്ന വാഗ്്ദാവനുമായി മഹല്ല് കമ്മിറ്റികള്‍ രംഗത്തെത്തിയിട്ടുള്ളത്.
മഹല്ല് കമ്മിറ്റികളുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. നിലവില്‍ വിമാനത്താവളങ്ങള്‍ക്കടുത്തുള്ള കോളേജ് ഉള്‍പ്പടെയുള്ള പൊതു കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഈ ആവശ്യത്തിനായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പ്രവാസികളുടെ വീട്ടില്‍ നിന്ന് ഏറെ അകലെയായിക്കും. മദ്രസകളില്‍ സൗകര്യമൊരുക്കുകയാണെങ്കില്‍ അവര്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ നിരീക്ഷണ കാലഘട്ടം താമസിക്കാനാകും.
പ്രവാസികളെ നാട്ടിലെത്തുക്കുന്നത് സംബന്ധിച്ച് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഈ അവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാരും വിവിധ സംഘടനകളും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *