ന്യൂ ഡല്‍ഹി : പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്നാണ് മൂന്ന് ആഴ്ചത്തേയ്ക്ക് അര്‍ണാബിന് സംരക്ഷണം നല്‍കിയിരിക്കുന്നത്.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസയച്ചു. അര്‍ണബിന് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്തതും മുംബൈയിലേക്ക് മാറ്റിയതുമായ കേസില്‍ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് അര്‍ണാബ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
മഹാരാഷ്ട്രയിലെ പല്ഗറില് ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രില്‍ 21ന് നടത്തിയ റിപബ്ലിക് ടി.വി ചര്‍ച്ചയിലൂടെ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടുള്ള ഹരജിയിലാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നടപടി.
