വീണ്ടും ഭീഷണി ഗള്‍ഫില്‍ നിന്ന്

റിയാദ്: സംസ്ഥാനം വീണ്ടും മറ്റൊരു ഭീഷണി നേരിടുകയാണ്. സ്വദേശിവത്കരണം മുറുക്കി ഗള്‍ഫ് രാജ്യങ്ങള്‍ നിലപാടെടുത്തതോടെ പ്രവാസി മലയാളികള്‍ കടുത്ത ഭീതിയിലാണ്. നിതാഖാത്തിന്റെ പേരില്‍ തൊഴിലാളികളെ നാട്ടിലേക്ക് പറഞ്ഞയച്ചതിന് മാസങ്ങള്‍ക്കിപ്പുറമാണ് വീണ്ടു തൊഴില്‍ നഷ്ടത്തില്‍ മലയാളികള്‍ക്ക് മടങ്ങേണ്ടി വരുന്നത്. സൗദി അറേബ്യക്ക് പിന്നാലെ ഒമാനും കുവൈത്തും സ്വദേശിവത്കരണ നടപടികള്‍ കടുപ്പിച്ചതാണ് ഗള്‍ഫിലെ ഇപ്പോഴത്തെ പ്രതിസന്ധി. സൗദിയില്‍ അടച്ചു പൂട്ടുന്ന മിക്ക കമ്പനികളിലും മലയാളി തൊഴിലാളികളാണ് ഏറെയുള്ളത്. ഇതില്‍ കൂടുതലും മലബാര്‍ മേഖലയില്‍ നിന്നുള്ളവരും. എണ്ണ വിലയിടിവില്‍ സാമ്പത്തിക രംഗം കീഴ്‌പ്പോട്ടടിക്കുന്നതും തദ്ദേശവാസികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതുമാണ് ഗള്‍ഫില്‍ നിന്ന് മറ്റ് രാജ്യങ്ങളിലെ ആളുകളെ മടക്കുന്നതിലേക്ക് എത്തിച്ചത്. നിതാഖാത്ത് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ മാത്രം വന്നത് ആയിരത്തിലേറെ പേരായിരുന്നു. ഇതിലേറെ പേര്‍ മറ്റ് വിമാനത്താവളങ്ങളിലൂടെയും വന്നിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം ഉണ്ടായ കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്തെ പിടിച്ചു നിര്‍ത്തിയത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമായിരുന്നു. മലപ്പുറം ജില്ലയിലാണ് മടങ്ങിവന്ന പ്രവാസികളിലേറെയും. ഗള്‍ഫ് നാടുകളില്‍ ഒരു തിരിച്ചടിയുണ്ടായാല്‍ കേരളത്തില്‍ അത് വന്‍ തോതില്‍ പ്രതിഫലിക്കും. ഗള്‍ഫ് നാടുകളിലുള്ള പ്രവാസികളില്‍ 50 ശതമാനത്തോളം പേര്‍ മലബാര്‍ ജില്ലകളില്‍ നിന്നാണ്. നിതാഖാത്ത് വന്നപ്പോള്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് അത്ര പ്രശ്‌നമുണ്ടായിരുന്നില്ല. അവിദഗ്ധ തൊഴിലാളികളാണ് ഏറെയും മടങ്ങിയത്. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. ഒമാന്‍ ആരോഗ്യ മന്ത്രാലയം ആയിരത്തോളം നഴ്‌സുമാരെ പിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. സമാന രീതിയിലാണ് മറ്റ് ഗള്‍ഫ് നാടുകളിലുമുള്ളത്. സാങ്കേതിക വിദഗ്ധരുടെ ജോലിക്കും ഭീഷണി എല്ലാ ഗള്‍ഫ് നാടുകളിലുമുണ്ട്. പിരിച്ചു വിടപ്പെടുന്ന നഴ്‌സുമാരില്‍ ബഹു ഭൂരിപക്ഷവും മലയാളികളാണെന്നതാണ് ഏറെ പ്രധാനം. ഗള്‍ഫില്‍ ഇത്തരത്തില്‍ വന്‍ തിരിച്ചടിയുണ്ടായാല്‍ അത് കേരളത്തിന്റെ സാമ്പത്തിക രംഗത്തും കനത്ത ആഘാതമുണ്ടാക്കും. തദ്ദേശീയരായ ഡോക്ടര്‍മാരും നഴ്‌സുമാരും പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വിദേശീയരെ പിരിച്ചു വിടാനുള്ള തീരുമാനം ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. മുന്‍ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഒമാന്‍, സൗദി പോലുള്ള രാജ്യങ്ങളില്‍ കോളെജുകളില്‍ പഠിച്ചിറങ്ങുന്ന തദ്ദേശീയ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ ജോലിയെടുക്കാനുള്ള മലയാളി നഴ്‌സുമാരുടെ സന്നദ്ധതയാണ് ഇത്രയും കാലം ഇവര്‍ക്ക് ഈ നാടുകളില്‍ വിലയുണ്ടായതിന് കാരണം. എന്നാല്‍ എണ്ണ പ്രതിസന്ധിയും തദ്ദേശീയര്‍ ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കണമെന്ന നിലയിലേക്ക് ഗള്‍ഫ് രാജ്യ ഭരണകൂടങ്ങളെ നിര്‍ബന്ധമാക്കുകയാണ്. വിദേശനാടുകളില്‍ നിന്നുള്ള കൂട്ടമടക്കം സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കും. പുനരധിവാസം തന്നെയാണ് ഏറെ പ്രധാനം. വിദേശ രാജ്യങ്ങളില്‍ മികച്ച ശമ്പളം ലഭിച്ചുവന്ന പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്തിയാല്‍ നാലിലൊന്ന് ശമ്പളം പോലും ലഭിക്കില്ല. അപ്പോള്‍ വിദേശ നാണ്യം ലഭിക്കുന്നതിലെ നഷ്ടത്തിന് പുറമെ മടങ്ങി വരുന്നവരുടെ പുനരധിവാസവും സംസ്ഥാനത്തിന് പ്രയാസം സൃഷ്ടിക്കും.
എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയില്‍ ഇടപെടാനുള്ള ചില നീക്കങ്ങള്‍ പ്രധാനമാണ്. കേന്ദ്ര സഹമന്ത്രി വി കെ സിംഗ് സൗദി അറേബ്യയിലെത്തി നടത്തിയ ചില ഇടപെടല്‍ ഫലം കാണുന്നുണ്ട്. മടങ്ങുന്നവര്‍ക്കായി സൗദി വിമാനം ഏര്‍പ്പെടുത്താമെന്ന് മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തീരുമാനമായിട്ടുണ്ട്. ശമ്പള കുടിശിക നല്കാനും തീരുമാനമായിട്ടുണ്ട്. സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് തത്കാലം പുതുക്കി നല്കാമെന്ന സൗദി അധികൃതരുടെ നീക്കം വന്‍ പിഴ ഒടുക്കുന്നതില്‍ നിന്ന് പ്രവാസി മലയാളികളെ സഹായിക്കും. സംസ്ഥാന മന്ത്രി കെ ടി ജലീലിനെ സൗദിയിലേക്ക് അയച്ച് ചര്‍ച്ച നടത്താനുള്ള തീരുമാനവും പ്രതീക്ഷ നല്കുന്നുണ്ട്. മറ്റൊരു രാജ്യത്തെ നിയമങ്ങളെ എത്ര കണ്ട് സ്വാധീനിക്കാന്‍ ഈ സന്ദര്‍ശനങ്ങള്‍ക്കാവുമെന്നതില്‍ ആശങ്കയുണ്ടെങ്കിലും ഭരണകൂടമെന്ന നിലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ ഫലപ്രദമാവുമെന്ന് തന്നെ കരുതാം.
എന്നാല്‍ ഇന്നോ നാളെയോ ഗള്‍ഫ് നാടുകളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ തിരിച്ചെത്തുന്നത് മുന്‍കൂട്ടി കണ്ട് ഇരു ഭരണകൂടങ്ങളും പദ്ധതി തയ്യാറാക്കേണ്ട കാലം അതിക്രമിച്ചു. നിതാഖാത്ത് വഴി മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ വായ്പാ പദ്ധതിയടക്കമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും അത് പൂര്‍ണതോതില്‍ നടപ്പാക്കാനായിരുന്നില്ല. ഗള്‍ഫ് പ്രതിസന്ധി ജോലി നഷ്ടത്തില്‍ മാത്രമല്ല കലാശിക്കുക, അനുബന്ധ തൊഴിലാളികളെയും ഇത് ബാധിക്കും. കേരളത്തിലെ നിര്‍മാണ മേഖല പിടിച്ചു നില്ക്കുന്നതും വിദേശ പണത്തെ ആശ്രയിച്ചാണ്. ഗള്‍ഫില്‍ പ്രതിസന്ധിയുണ്ടായാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയും സ്തംഭിക്കും. വന്‍ തിരിച്ചുവരവ് താങ്ങാന്‍ നിലവില്‍ കേരളത്തിനാവില്ല. എന്നാല്‍ തിരിച്ചുവരവിന്റെ സൂചന കിട്ടിയ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ പുനരധിവാസത്തെക്കുറിച്ച് ചിന്തിക്കേണ്ട കാലം അത്രിക്രമിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവു കാരണം കര്‍ഷകര്‍ ദുരിതത്തിലാണ്. ഇതിന് പുറമെയാണ് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള തിരിച്ചടിയും. കൃത്യമായ ഭരണകൂട ഇടപെടലാണ് ഇപ്പോള്‍ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *