ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ലിറ്റില്‍ ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍

മോങ്ങം (മലപ്പുറം): മലയാളത്തിന്റെ പ്രിയകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് കുട്ടികളിലൂടെ പുനര്‍ജന്്മം. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നോവലുകളിലെ വിവിധ കഥാപാത്രങ്ങളെ സമന്വയിപ്പിച്ച് മോങ്ങം ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപിക ധന്യയുടെ നേതൃത്വത്തിലാണ് വേറിട്ട ദൃശ്യാനുഭവങ്ങളൊരുക്കിയത്. അധ്യാപകരായ സാദിഖ്,അബ്ബാസ്,ഷനോദ് എന്നിവരുടെ കൂടി സഹകരണത്തോയാണ് ബഷീര്‍ കഥാപാത്രങ്ങളുടെ പുനസൃഷ്ടി നടത്തിയത്. വിദ്യാര്‍ത്ഥികള്‍ അഭിനയ മികവിലൂടെ ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. തനതായ ശൈലി മലയാള സാഹിത്യത്തിന്ന് സംഭാവന ചെയ്ത ബഷീര്‍ എന്ന മനുഷ്യ സ്‌നേഹിയുടെ ജീവിത സന്ദേശം വരും തലമുറകളിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് കുട്ടികള്‍ നിര്‍വ്വഹിച്ചത്.
കോവിഡ് ആശങ്കളുടെ ഇക്കാലത്തും കുട്ടികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളില്‍ അധ്യാപകര്‍ നടത്തുന്ന പരിശ്രമം പ്രശംസനീയമാണെന്ന് പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്‌മെന്റും അറിയിച്ചു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ റിട്ടയേഡ് പ്രൊഫസര്‍ ഡോ.യു.എ ബഷീര്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീഷ് ബഷീര്‍, ഷാഹിന ബഷീര്‍ എന്നിവര്‍ കുട്ടികളുടെ മികവിനെ അഭിനന്ദിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണാര്‍ഥം ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ പുറത്തിറക്കിയ ഡോക്യുമെന്റിയും വേറിട്ട ദൃശ്യാനുഭവമായി.കോവിഡ് പ്രതിരോധത്തിന് ഭാഗമായി വീടുകളില്‍ പഠനം തുടരുന്ന കുട്ടികള്‍ അയച്ച വിവിധ ഹാസ്യ ആശയാവിഷ്‌ക്കാരങ്ങള്‍ സമന്വയിപ്പിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *