റിയോ ഡി ഷാനെറോ: ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്സിന് ദീപം തെളിഞ്ഞു. ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമയാണ് ഒളിമ്പിക് ദീപം തെളിയിച്ചത്. 2004 ഒളിമ്പിക്സില്‍ മാരത്തണില്‍ വെങ്കലം നേടിയ താരമായിരുന്നു വാന്‍ഡര്‍ ലീ ലിമ.
205 രാജ്യങ്ങളില്‍നിന്ന് 42 കായിക ഇനങ്ങളിലായി 10,500 അത്ലറ്റുകള് മാറ്റുരയ്ക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയാണ് നടന്നത്. സാധാരണയായി അഞ്ചു നിറങ്ങളില്‍ കാണുന്ന ഒളിമ്പിക് ചിഹ്നം ഇത്തവണ പക്ഷേ ഉദ്ഘാടന ചടങ്ങിലുടനീളം കാണപ്പെട്ടത് പച്ച നിറത്തിലായിരുന്നു. വര്‍ണ വിസ്മയം വാരിവിതറിയാണ് കായികരംഗത്തെ സമുന്നത പോരാട്ടങ്ങള്‍ക്കായുള്ള 16 ദിനരാത്രങ്ങളെ റിയോ വരവേറ്റത്. കണ്ണഞ്ചിപ്പിക്കുന്ന ദീപപ്രഭ ലോക കായികരംഗത്തെ മിന്നും താരങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ബ്രസീലിന്റെ വാണിജ്യ തലസ്ഥാനമായ റിയോ ഡി ഷാനെറോയിലെ 37 വേദികളിലായി നടക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കു വേദിയായത് ലോകപ്രശസ്ത സ്റ്റേഡിയം മാറക്കാനയാണ്. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന് ഫെര്‍ണാണേ്ടാ മെയ്റലസിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന മാമാങ്കം അരങ്ങേറിയത്.
ലാറ്റിനമേരിക്കയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളായിരുന്നു ഉദ്ഘാടന ചടങ്ങിനെ വേറിട്ടതാക്കിയത്. പതിനായിരത്തിലേറെ കലാകാരന്മാരും കലാകാരികളും പങ്കെടുത്ത പരിപാടികള്‍ ചടങ്ങിന്റെ പ്രത്യേകതയായിരുന്നു. ബ്രസീലിന്റെ സാംസ്കാരിക, കലാവൈവിധ്യങ്ങള്‍ പ്രകടമാക്കിയ നിരവധി കലാപരിപാടികള്‍ ചടങ്ങിനു മാറ്റു കൂട്ടി.
ഒളിമ്പിക് ദീപം തെളിയിക്കുന്നതിനു മുന്നോടിയായുള്ള, ടീമുകളുടെ മാര്‍ച്ച് പാസ്റ്റില്‍ 95-ാമതായാണ് ഇന്ത്യന്‍ ടീമെത്തിയത്. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ പതാകയേന്തിയത്.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.
