കോവിഡ് കാലത്തും നേര്‍ച്ച കാണാം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 182-ാമത് ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. കോവിഡ് വ്യാപന ഭീതിയും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍ ചടങ്ങുകളും ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യാനാണ് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയുടെ തീരുമാനം.
ഈ മാസം 20 (വ്യാഴം) മുതല്‍ 27 (വ്യാഴം) വരെയാണ് ആണ്ടുനേര്‍ച്ച.
20 ന് വ്യാഴാഴ്ച് സിയാറത്ത്, കൊടികയറ്റം, മമ്പുറം സ്വലാത്ത് എന്നിവ നടക്കും.
മഖാം സിയാറത്തിന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്രി കൊടികയറ്റം നടത്തും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് സദസ്സിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
21 ന് വെള്ളിയാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് നടക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ബോധനം നടത്തും. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള നാലു ദിവസങ്ങളില്‍ മതപ്രഭാഷണങ്ങള്‍ നടക്കും. 22 ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 23 ന് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. 24 ന് അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. 25 ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന് ബുധനാഴ്ച ദിക്റ് ദുആ സമ്മേളനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആ സദസ്സിന് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27 ന് വ്യാഴാഴ്ച മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
നേര്‍ച്ച ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ മൗലിദ് സദസ്സും നടക്കും. മുഴുവന്‍ ചടങ്ങുകളും തത്സമയം സംപ്രേഷണം ചെയ്യുമെന്നും കോവിഡ് പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്ഥാടകര്‍ മമ്പുറത്തേക്ക് എത്തരുതെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *