പോപ്പുലര്‍ ഫിനാന്‍സിന് പിഴച്ചതെവിടെ?

കൊച്ചി: തെക്കന്‍ കേരളത്തിലെ പ്രമുഖ പണമിടപാടു സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് പരമ്പരാഗത വ്യാപമേഖലയില്‍ നിന്നുള്ള വ്യതിചലനം മൂലമാണെന്ന് നിഗമനം. ഫൈനാന്‍സിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ വിജയ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ പണം മറ്റുമേഖലകളിലെ ബിസിനസിനായി ഉപയോഗിച്ചാണ് തകര്‍ച്ചക്ക് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്.
നിക്ഷേപ തട്ടിപ്പു കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് എം.ഡി തോമസ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റീനു മറിയം, റിയ ആന്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. തോമസിന്റെ പിതാവ് ഡാനിയല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പത്തനംതിട്ട കോന്നി വാകയാറില്‍ ആരംഭിച്ച ചിട്ടികമ്പനിയാണ് മൂന്നൂറിലേറെ ബ്രാഞ്ചുകളുള്ള ഫിനാന്‍സ് കമ്പനിയായി പിന്നീട് വളര്‍ന്നത്. ഡാനിയലിന്റെ മകന്‍ തോമസ് മികച്ച രീതിയില്‍ പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയിരുന്നു. പിന്നീട് പെണ്‍മക്കളുടെ വിവാഹശേഷമാണ് കമ്പനിയുടെ മൂലധനം മറ്റു മേഖലകളിലേക്ക് തിരിച്ചത്. ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ബിസിനസുകള്‍. അന്താരാഷ്ട്ര തലത്തിലുള്ള ചെമ്മീന്‍ വ്യാപാരം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലേക്ക് ഫിനാന്‍സ് കമ്പനിയുടെ പണം വഴി തിരിച്ചു വിട്ടു. ഇതിനായി പല പേരുകളില്‍ കമ്പനികളുണ്ടാക്കി. എന്നാല്‍ ഈ ബിസിനസുകളെല്ലാം പൊളിയുകയായിരുന്നു. ഇതോടെ ഫിനാന്‍സ് കമ്പനിയിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തു. പ്രതിസന്ധി തീര്‍ക്കാന്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങി നിക്ഷേപങ്ങള്‍ സ്വീകരിച്ചെങ്കിലും അതെല്ലാം വിദേശത്തെ വ്യാപാരങ്ങളില്‍ നഷ്ടപ്പെടുകയായിരുന്നു. പരമ്പരാഗതമായ ഫൈനാന്‍സിംഗ് ബിസിനസ് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് ഫണ്ടുകള്‍ വകമാറ്റി തകര്‍ച്ചയിലേക്ക് നീങ്ങിയത്.
രണ്ടായിരം കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ച് കൊടുക്കാനുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക കണക്കുകള്‍. കമ്പനിയുടെ ആസ്തി പോലീസ് കണക്കാക്കി വരികയാണ്. വിദേശത്തും നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ ഇന്റര്‍പോള്‍ മുഖേന അവിടങ്ങളിലെ ആസ്തികളുടെ കണക്കുകളും പോലീസിന് ശേഖരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *