ആശങ്ക പരത്തി ചുരത്തിലേക്ക്​ സഞ്ചാരികളുടെ പ്രവാഹം

വൈത്തിരി: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുമ്ബോള്‍ വയനാട് ചുരം സഞ്ചാരികളെക്കൊണ്ട് നിറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാര്യമായെടുക്കാതെ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചുരം കയറിയത് നൂറുകണക്കിന് വാഹനങ്ങള്‍. കനത്ത മഴയും കോടമഞ്ഞും വകവെക്കാതെ വന്ന വാഹനങ്ങളില്‍ നല്ലൊരു പങ്കും ചുരത്തില്‍തന്നെ നിര്‍ത്തി കാഴ്​ചകള്‍ കാണുകയാണ്​. ഇതില്‍ കൂടുതലും ചുരം വ്യൂ പോയന്‍റിലാണ് എത്തിയത്.

വാഹന ബാഹുല്യം കാരണം ചുരത്തില്‍ നിരവധി തവണ ഗതാഗതം തടസ്സപ്പെട്ടു. കോരിച്ചൊരിയുന്ന മഴയില്‍ നൂറുകണക്കിന്​ ആളുകളാണ് വ്യൂ പോയന്‍റില്‍ തടിച്ചുകൂടിയത്. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും നിരവധി തവണ കോവിഡിനെ മുന്‍നിര്‍ത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഒന്നിച്ചുകൂടരുതെന്നും പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല. പൊലീസിനെ കാണുമ്ബോള്‍ ഒഴിഞ്ഞുപോകുന്ന യുവാക്കള്‍ പിന്നാലെ വീണ്ടും എത്തി ഒത്തുകൂടി ആട്ടവും പാട്ടുമായി സമയം നീക്കുകയായിരുന്നു.

ഒമ്ബതാം വളവിനു താഴെ ടവര്‍ ലൊക്കേഷനിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഷര്‍ട്ടും മാസ്കും ഊരിമാറ്റിയായിരുന്നു യുവാക്കള്‍ ഡാന്‍സ് ചെയ്തിരുന്നത്. പൊലീസ് ക്രിയാത്മകമായി ഇടപെടാത്തതുകൊണ്ടാണ് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി സഞ്ചാരികള്‍ മറ്റുള്ളവര്‍ക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുംവിധം ഒത്തുകൂടുന്നതെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *