ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുപ്പത്തിയേഴുകാരി അറസ്റ്റില്‍

നാഗ്പുര്‍: ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ മുപ്പത്തിയേഴുകാരി അറസ്റ്റിലായി. അറസ്റ്റിലായത് മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി ദേവിക ലോഖണ്ഡെ എന്ന യുവതിയാണ്. അറസ്റ്റിലായവരില്‍ ക്വട്ടേഷന്‍ നല്‍കാന്‍ സഹായിച്ച സുഹൃത്തും അയല്‍വാസിയുമായ ചന്ദന്‍ നട്ടുജി ദിയേവര്‍ (28) എന്ന യുവാവും ഉള്‍പ്പെടുന്നു. വാടകക്കൊലയാളിയായ സുനില്‍ മാളവ്യ (26) എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ദേവികയുടെ ഭര്‍ത്താവായ ജയ്ദീപ് ലോഖണ്ഡെയുടെ (39) മൃതദേഹം കണ്ടെത്തുന്നത് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ്. അന്‍പതിനായിരം രൂപയാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൊലയാളിക്ക് വാഗ്ദാനം ചെയ്തത്. ഇതില്‍ അഡ്വാന്‍സ് തുകയായി നല്‍കിയത് 1500 രൂപ മാത്രമാണ് . ബാക്കി തുക പിന്നീട് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്.

ഭര്‍ത്താവ് കടുത്ത മദ്യപാനിയായതിനാല്‍ യുവതി തന്‍റെ വിഷമങ്ങള്‍ അയല്‍വാസിയായ ചന്ദനോട് പറയുകയും ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു സ്വകാര്യ കമ്ബനി ജോലിക്കാരനായ ചന്ദന്‍ തന്നെയാണ് സുനിലിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയും വെള്ളിയാഴ്ച രാത്രിയോടെ ജയ്ദീപിനെ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കായി ക്ഷണിക്കുകയും ചെയ്തു. പിന്നീട് ജയ്ദീപിനെ കൂര്‍ത്ത ആയുധം ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *