മുംബൈ: ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ലൈംഗിക കെണിയില്‍ കുടുക്കി വിലപേശുന്ന സംഘം പിടിയില്‍. രാജസ്ഥാന്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങങ്ങളില്‍ നിന്നുള്ള ഓരോരുത്തരെ വീതം മുംബൈ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.ഫേസ്ബുക്കില്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി .
ഇത്തരം 171 വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സംഘം സൃഷ്ടിച്ചിരുന്നു .രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും വ്യാജ അക്കൗണ്ടുകളിലൂടെ സൗഹൃദം സ്ഥാപിക്കലാണ് ആദ്യഘട്ടം. സ്ത്രീയാണെന്ന വ്യാജേനയാണ് ഇങ്ങനെ സൗഹൃദം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ശേഷം വിഡിയോ കാള്‍ ചെയ്ത് അശ്ലീല സംഭാഷണങ്ങള്‍ നടത്തും. നേരത്തെ തയാറാക്കി വെച്ച അശ്ലീല വിഡിയോയാണ് സംഘം വിഡിയോ കാളുകള്‍ക്ക് ഉപയോഗിച്ചിരുന്നത്. അശ്ലീല വിഡിയോ കാണുന്ന പ്രമുഖന്റെ ഭാവങ്ങളടക്കം സംഘം റെക്കോഡ് ചെയ്ത ശേഷമാണ് പിന്നീട് വിലപേശല്‍ നടത്തുന്നത്.
തുടക്കത്തില്‍ 2000 മുതല്‍ 5000 രൂപ വരെയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. മാനക്കേട് ഭയന്ന് എല്ലാവരും ഈ തുക നല്കി ഭീഷണി അവസാനിപ്പിക്കുകയായിരുന്നുവെന്ന് ക്രൈബ്രാഞ്ച് പറയുന്നു. തുക ഉയര്‍ത്തി ഭീഷണി തുടങ്ങിയപ്പോഴാണ് സംഘത്തെ കുറിച്ച് പരാതി ലഭിക്കുന്നതും പോലീസ് അന്വേഷണം നടത്തുന്നതും.നിരവധി പ്രമുഖര്‍ ഇതിനകം സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .
