തട്ടേക്കാട് ബോട്ടപകടം: പ്രതിക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാക്കുറ്റം റദ്ദാക്കി

കൊച്ചി: തട്ടേക്കാട് ബോട്ട് ദുരന്തക്കേസിലെ പ്രതി ബോട്ടുടമയും ഡ്രൈവറുമായ കുട്ടമ്ബുഴ സ്വദേശി പി.എം.രാജുവിനെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാക്കുറ്റം ഹൈക്കോടതി റദ്ദാക്കി. കണക്കില്‍ കൂടുതല്‍ യാത്രക്കാരെ വീണ്ടുവിചാരമില്ലാതെയും അശ്രദ്ധമായും ബോട്ടില്‍ കയറ്റിയതിനുള്ള കുറ്റം നിലനില്‍ക്കുമെന്ന് കണ്ട് ഹൈക്കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം കഠിനതടവ് വിധിച്ചു. ബോധപുര്‍വമായ നരഹത്യാക്കുറ്റം കണക്കിലെടുത്ത് എറണാകുളം സെഷന്‍സ് കോടതി രാജുവിന് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി അമ്ബതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

വിചാരണക്കോടതി വിധിക്കെതിരെ രാജു സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസിന്റെ ഉത്തരവ്. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് കുടുതല്‍ നഷ്‌ടപരിഹാരം തേടി ലീഗല്‍ സര്‍വിസ് അതോറിറ്റിയെ സമീപിക്കാനും കോടതി അനുമതി നല്‍കി.

ബോട്ടില്‍ യാത്രക്കാരെ കയറ്റുമ്ബോള്‍ മനപൂര്‍വം നരഹത്യ നടത്തണമെന്ന ഉദ്ദേശം പ്രതിക്കുണ്ടായിരുന്നില്ലെന്നും ഇതിന് തെളിവില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി കണക്കിലെടുത്തു. എന്നാല്‍, ആറ് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 61 പേരെ കയറ്റിയപ്പോള്‍ അപകട സാധ്യത കണക്കിലെടുത്തില്ലേയെന്ന് കോടതി ചോദിച്ചു. ബോട്ട് രൂപമാറ്റം വരുത്തിയതാണെന്നും മതിയായ സുരക്ഷയും അനുമതികളും ഇല്ലെന്ന വിവരം പ്രതിക്കറിയാമായിരുന്നുവെന്നും കോടതി വിലയിരുത്തി.

2008ലാണ് എളവൂര്‍ സെന്റ്.ആന്റണീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കയറിയ ശിവരഞ്ജിനി എന്ന ബോട്ട് പെരിയാറില്‍ തട്ടേക്കാട് മുങ്ങിയത്. 15 കുട്ടികളടക്കം 18 പേരാണ് അപകടത്തില്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *