ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈകോടതിയില്‍ ഹരജി നല്കി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹരജി നാളെ പരിഗണിക്കും.
ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് ലോകായുക്ത വിധിച്ചത്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധിച്ചത്. ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ജലീല്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി വഴിവിട്ട രീതിയില്‍ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി വി.കെ. മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിധി.
മന്ത്രിയെന്ന നിലയില്‍ കെ.ടി. ജലീലിന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നാണ് ലോകായുക്ത നിരീക്ഷിച്ചത്. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നിയമനം സംബന്ധിച്ച് വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് അദീബ് നവംബര്‍ 12ന് രാജിവെച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്ബോഴാണ് അദീബിനെ ഡെപ്യൂേട്ടഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. ഇൗ പദവിയിലേക്ക് അദീബ് ഉള്‍പ്പെടെ ഏഴ് അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും 2016 ഒക്ടോബര്‍ 26ന് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നുപേരേ പങ്കെടുത്തുള്ളൂ. അദീബിന് ബി.ടെക്കും പി.ജി.ഡി.ബി.എയും ആയിരുന്നു യോഗ്യത. അദീബായിരുന്നു അപേക്ഷകരില്‍ യോഗ്യനായ ഏക വ്യക്തി എന്നായിരുന്നു ലോകായുക്തയില്‍ മന്ത്രി നല്കിയ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
