വാഷിംഗ്ടണ്‍: കൊറണ വൈറസ് വ്യാപനത്തിന്റെ അന്വേഷണത്തില്‍ ചൈന ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് അമേരിക്ക. വൈറസിന്റെ വ്യാപനത്തിനെ സംബന്ധിച്ച രേഖകളൊന്നും ചൈന ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിട്ടില്ല. പലതിലും സുതാര്യതയില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ആരോപണം ശക്തമാക്കിയിരിക്കുന്നത്.
ചൈനയുടെ ഒരു നയത്തിലും സുതാര്യതയില്ല. കൊറോണ വൈറസ് ബാധയുടെ ആദ്യഘട്ടത്തില്‍ ചൈന സുപ്രധാനമായ പലതും മറച്ചുവെച്ചു. ആഗോള തലത്തില്‍ ചൈനയുടെ നടപടികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം അനിവാര്യമാണ്. ലോകാരോഗ്യസംഘടനയും ചൈനയും സംയുക്തമായി തയ്യാറാക്കിയ വൈറസ് ബാധ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചുകൊണ്ടാണ് ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്.
വൈറസ് ബാധ ഉണ്ടായ ഉടനെ എല്ലാ വിവരങ്ങളും ലോകാരോഗ്യസംഘടനയേയും ലോകരാജ്യങ്ങളേയും അറിയിക്കണമായിരുന്നു. ചൈന തുടക്കത്തില്‍ എന്താണോ ചെയ്യേണ്ടിയിരുന്നത് അത് ചെയ്തിട്ടില്ല. ലോകസമൂഹത്തോട് ചെയ്തിരിക്കുന്നത് വലിയ തെറ്റാണ്. സുതാര്യതയില്ലാത്ത നയം ഏറെ അപകടമാണെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
