ഐ.എന്‍.എല്‍ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്

കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ഇന്ത്യ നാഷണല്‍ ലീഗ് പുതിയൊരു കാല്‍ചുവട് കൂടി വെക്കുകയാണ്.രാഷ്ട്രീയഭാവി എന്താകുമെന്ന് പോലും ആശങ്കപ്പെട്ടിരുന്ന ആ പാര്‍ട്ടി കേരള മന്ത്രി സഭയില്‍ പങ്കാളിയാകുന്നതോടെ അതിന്റെ രാഷ്ട്രീയ ജാതകം തന്നെ മാറ്റിയെഴുതപ്പെട്ടേക്കും. ഇരുമുന്നണികളില്‍ നിന്നും അവഗണന നേരിട്ട് രണ്ടര പതിറ്റാണ്ടിലേറെയായി പ്രതിസന്ധിയില്‍ കഴിഞ്ഞിരുന്ന ഐ.എന്‍.എല്‍ ആദ്യമായി സ്വന്തമായി മന്ത്രിയുള്ള ഒരു പാര്‍ട്ടിയായി മാറുകയാണ്.ജനമധ്യത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ ഏറ്റവും അനുകൂലമായ കാലമായിരിക്കും അടുത്ത അഞ്ചുവര്‍ഷമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.ഐ.എന്‍.എല്ലിന്റെ മുന്നേറ്റം മുസ്്‌ലിം ലീഗിനെ ആശങ്കയിലാക്കുകയും ചെയ്യും.
27 വര്‍ഷം മുമ്പ് മുസ്്‌ലിം ലീഗുമായി തെറ്റിപ്പിരിഞ്ഞ് ഇബ്രാഹിം സുലൈമാന്‍ സേഠ് അടക്കമുള്ള ദേശീയ നേതാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഐ.എന്‍.എല്ലിന് ഇക്കാലമത്രയും കേരളരാഷ്ട്രീയത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുതിരുന്നതും തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതിരുന്നതുമാണ് പ്രധാനകാരണം. അതു കൊണ്ടു തന്നെ ഇടതുമുന്നണിയുമായി അടുക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. വി.എസ്.അച്ചുതാനന്ദനെ പോലുള്ള സി.പി.എം.നേതാക്കളുടെ എതിര്‍പ്പും ഇടതുമുന്നണിയിലേക്ക് വരുന്നതിന് ഐ.എന്‍.എല്ലിന് തടസ്സമായിരുന്നു.അപ്പോഴും ഇടതുമുന്നണിയുമായി അടുത്തു നില്‍ക്കാനാണ് പാര്‍ട്ടി നേതൃത്വം ഇഷ്ടപ്പെട്ടത്.മുസ്്‌ലിം ലീഗ് യു.ഡി.എഫില്‍ ഉള്ളിടത്തോളം കാലം ഐ.എന്‍.എല്ലിന് യു.ഡി.എഫില്‍ പ്രവേശിക്കാനാവാത്ത നിലയായിരുന്നു.എന്നെങ്കിലും ഇടതുമുന്നണി തങ്ങളെ സ്വീകരിക്കുമെന്ന് കരുതി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുപോലുമുള്ള വിമര്‍ശനങ്ങള്‍ സഹിച്ച് നേതൃത്വം ഇടതിനൊപ്പം തന്നെ പാര്‍ട്ടിയെ നിര്‍ത്താന്‍ തീരുമാനിച്ചു.
രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റങ്ങള്‍,സി.പി.എം.നേതൃനിരയിലെ മാറ്റങ്ങള്‍,ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ഇടതുമുന്നണിയുമായി കൂടുതല്‍ അടുക്കുന്നതിനും മന്ത്രിസ്ഥാനം വരെ ലഭിക്കുന്നതിനും ഐ.എന്‍.എല്ലിനെ സഹായിച്ചു.ദേശീയ പൗരത്വ നിയമത്തിനെതിരെ പിണറായി സര്‍ക്കാരും ഇടതുപക്ഷവും നടത്തിയ പ്രക്ഷോഭങ്ങള്‍ മലബാര്‍ മേഖലയില്‍ ഐ.എന്‍.എല്ലിന് തുണയായി. സി.പി.എമ്മില്‍ വി.എസ്.പക്ഷത്തിന് സ്വാധീനം കുറഞ്ഞതും അവരെ തുണച്ചു.ഏറ്റവുമൊടുവില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ വിജയിച്ചതോടെ ഐ.എന്‍.എല്ലിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറി.ഐ.എന്‍.എല്ലിന്റെ ആദ്യത്തെ മന്ത്രിയായി അഹമ്മദ് ദേവര്‍ കോവില്‍ ചരിത്രത്തില്‍ ഇടം പിടിക്കും.
ഐ.എന്‍.എല്ലിന്റെ വളര്‍ച്ച ഇടതുമുന്നണിയെയും സഹായിക്കും.മുസ്്‌ലിം ഭൂരിപക്ഷ മേഖലകളില്‍,പ്രത്യേകിച്ച് മുസ്്‌ലിം ലീഗിന് ശക്തിയുള്ള കേന്ദ്രങ്ങളില്‍ ഇടതുമുന്നണിയുടെ വളര്‍ച്ചക്ക് ഐ.എന്‍.എല്ലിന്റെ വളര്‍ച്ച സഹായിക്കുമെന്നാണ് കണക്കു കൂട്ടല്‍.വരുംകാലങ്ങളിലെ ഇടതുമുന്നണി രാഷ്ട്രീയത്തിന്റെ മുന്നോട്ടു പോക്കിലും ഐ.എന്‍.എല്ലുമായുള്ള കൂട്ടുകെട്ട് മുന്നണിക്ക് സഹായമാകും.

Leave a Reply

Your email address will not be published. Required fields are marked *