സര്‍ക്കാരിന്റെ വീഴ്ച: കുഞ്ഞാലികുട്ടി

മലപ്പുറം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ പാശ്ചാത്തലവും പ്രാധാന്യവും ഉള്‍ക്കൊള്ളാതെയാണ് പ്രോസിക്യൂഷന്‍ ഈ കേസുമായി മുന്നോട്ട് പോയത്. ഇത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വിഴ്ചയാണ്. ഇത്രയേറെ പ്രാധാന്യമുള്ള ഒരു കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ല. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ച സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം. കോടതി വിധി കേരളീയരുടെ മനസില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സൗമ്യയുടെ അമ്മയുടെ കരച്ചില്‍ കണ്ടില്ലെന്ന് നടിക്കാന്‍ സമൂഹത്തിനാവില്ല. റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നിയമ വിദഗ്ധന്‍മാരുടെ സഹായം സര്‍ക്കാര്‍ തേടണം. പ്രതിക്ക് വധശിക്ഷ വാങ്ങി നല്‍കാന്‍ സാധിച്ചത് യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണ കാലത്താണ്. ഒന്നു മറിയാത്ത വക്കീലിനെ നിര്‍ത്തി കേസ് അട്ടിമറിച്ചില്ലേ എന്ന സൗമ്യയുടെ അമ്മയുടെ ഹൃദയം പൊട്ടിയുള്ള ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സര്‍ക്കാറാണ്. കേസ് ഗൗരവത്തില്‍ എടുക്കുന്നതിന് പകരം ഇതിനെ നിസാരമായി കണ്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *