ഭോപാല്‍: മധ്യപ്രദേശില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 35കാരി അറസ്റ്റില്‍. രാജ്ഗഡ് ജില്ലയിലാണ് സംഭവം. 16കാരനെ ഉപദ്രവിച്ചകേസില്‍ പോക്സോ വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.
യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ് താമസം. യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും 16കാരനെതിരെ വ്യാജ ബലാത്സംഗ കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ പരാതി നല്‍കുമെന്നായിരുന്നു ഭീഷണി.
16കാരന്റെ കുടുംബം പണം നല്കാന് വിസമ്മതിച്ചതോടെ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഇവരുടെ കൃഷി ഭൂമിയിലെ പപ്പായ മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നതായി രാജ്ഗഡ് എസ്.പി പ്രദീപ് ശര്‍മ പറഞ്ഞു. തുടര്‍ന്ന് 16കാരന് ചൈല്ഡ്ലൈന് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം 16കാരന് വിഷാദാവസ്ഥയിലായിരുന്നു. ഭയംമൂലം ആരുമായും സംഭവത്തെക്കുറിച്ച് പങ്കുവെച്ചിരുന്നില്ല. യുവതിയുടെ കുടുംബം സ്വന്തം കുടുംബത്തെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് കുട്ടി കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ചത്. കുട്ടി ഇപ്പോഴും കൗണ്‍സലിങ്ങില്‍ തുടരുകയാണെന്നും ചൈല്ഡ്ലൈന് കൗണ്‍സലര്‍ മനീഷ് ഡാന്‍ങ്കി പറഞ്ഞു.
കൊള്ളക്കും നാശനഷ്ടത്തിനുമെതിരെ യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
