വാഷിംഗ്ടണ്‍: പാക് അധിനിവേശ കാഷ്മീരിലെ ഭീകര ക്യാമ്പുകളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം കൃത്യവും അതീവ സൂഷ്മതയുള്ളതുമായിരുന്നു എന്ന് അമേരിക്കന്‍ വിദഗ്ധര്‍. സൈനിക നടപടി ഏറ്റവും അനുയോജ്യ സമയത്താണ് നടന്നിരിക്കുന്നത്. പാക്കിസ്ഥാനുള്ള സൂചനയും ഒപ്പം ഇന്ത്യന്‍ ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് ബലം നല്കുന്നതുമായിരുന്നു ഭീകരര്‍ക്കുനേരെ സൈന്യം നടത്തിയ മിന്നല്‍ ആക്രമണമെന്നും അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥനായ ആഷ്ലി ടെല്ലിസ് പറഞ്ഞു. സൈന്യം ആക്രമണം നടത്തിയത് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു. തിരിച്ചടിക്കാനുള്ള കഴിവില്ലാത്തതിനാലല്ല പ്രകോപനങ്ങളില്‍ മൗനം പാലിക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം തെളിയിക്കുകയായിരുന്നു.
ഇന്ത്യ സമീപനാളില്‍ സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്നാണ് സെന്റര്‍ ഫോര്‍ സ്ട്രാറ്റര്‍ജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ റിക് റൂസോവിന്റെ വിലയിരുത്തല്‍. മ്യാന്മറിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഭീകരരെ വധിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമാനമായ ആക്രമണം ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാഷ്മീരില്‍ നടത്തിയതിലൂടെ പാക്കിസ്ഥാനുള്ള കൃത്യമായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
