പത്തനംതിട്ട: മുന്‍ മന്ത്രി സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേസെടുത്ത് 73 ദിവസം ആയിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. സജി ചെറിയാനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനായ അഭിഭാഷകന് ബൈജു നോയല്‍.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിലെ സിപിഎം വേദിയില്‍ നടത്തിയ വിവാദ പ്രസംഗമാണ് സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറിക്കാന്‍ ഇടയാക്കിയത്. പ്രസംഗം വിവാദം ആയതിന് പിന്നാലെ കൊച്ചി സ്വദേശിയായ അഭിഭാഷകന് ബൈജു നോയല്‍ തിരുവല്ല ഫസറ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് രേഷ്മ ശശിധരന് കീഴ്വായ്പൂര് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. അതിവേഗത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് അന്വേഷണം സംഘം സ്വീകരിച്ചത് മെല്ലെപ്പോക്ക് നയമാണ്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം സജി ചെറിയാന് എംഎല്‍എക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദിവസം ഇത്ര കഴിഞ്ഞിട്ടും പ്രതിയാക്കപ്പെട്ട ആളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.
ആദ്യ ഘട്ടത്തില്‍ പ്രസംഗത്തിന്റെ വീഡിയോ കിട്ടിയില്ലെന്ന് പറഞ്ഞ പൊലീസ് തെളിവുകള്‍ കിട്ടിയിട്ടും അനങ്ങുന്നില്ല. പരിപാടിയുടെ സംഘാടകരുടെയും അന്ന് വേദിയിലുണ്ടായിരുന്ന എംഎല്‍എംമാരുടെയും മൊഴി മാത്രമാണ് ഇതു വരെ രേഖപ്പെടുത്തിയിട്ടുള്ളത്. സജി ചെറിയാന്റെ ഒഴിവിലേക്ക് പകരം മന്ത്രിയെ പോലും വിടാതെ തിരിച്ചു വരവിന് അവസരമൊരുക്കി സിപിഎം കാത്തിരിക്കുമ്പോഴാണ് കേസിലെ മെല്ലെപ്പോക്ക് എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ കൂറെ കൂടി കഴിഞ്ഞാല്‍ കേസില്‍ ഒന്നുമില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട് നല്‍കുമോയെന്നാണ് പരാതിക്കാരന്റെ സംശയം.
