ന്യൂഡല്‍ഹി: ഭക്തജനങ്ങളില്‍ നിന്ന് ഗുരുവായൂര്‍ ദേവസ്വത്തില്‍ എത്തുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കുന്നതില് അഭിപ്രായം തേടി സുപ്രീംകോടതി.
വിശ്വാസികള്‍ ക്ഷേത്രത്തിനു നല്കുന്ന പണം എതു വിധേന വിനിയോഗിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം ദേവസ്വം ബോര്ഡിനല്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ആകില്ലെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ തത്സ്ഥിതി തുടരാനും നിര്‍ദേശിച്ചു.
കേരളത്തെ വീര്‍പ്പുമുട്ടിച്ച പ്രളയകാലത്തും കോവിഡ് പ്രതിസന്ധികാലത്തും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. എന്നാല്‍, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ വകുപ്പ് 27 അനുസരിച്ച് ദുരിതാശ്വാസഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്.
ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്കുന്നതില് തെറ്റില്ല. ധര്‍മപ്രചാരകന്‍ ആയിരുന്നു ശ്രീകൃഷ്ണന്. അതിനാല്‍ തന്നെ കൃഷ്ണന്റെ പേരിലുള്ള ക്ഷേത്രത്തിന് പൊതുജനങ്ങള്‍ക്കായി പണം ചെലവഴിക്കാവുന്നതാണെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
ഭക്തരില്‍നിന്ന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേത്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ചെലവുകള്‍ക്കുമായി വിനിയോഗിക്കാം എന്നതില്‍ തര്‍ക്കമില്ലെന്ന് ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊതുജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോര്‍ഡ് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോ എന്നു സുപ്രീംകോടതി വാക്കാല്‍ ആരായുകയാണ് ചെയ്തത്. ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന പണം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.
തുടര്‍ന്ന് കേസിലെ എതിര്‍കക്ഷികള്‍ക്ക് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. ഒക്ടോബര്‍ പത്തിനകം മറുപടി സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ എതിര്‍കക്ഷികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
