മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പായി പരിസരത്തു കണ്ട അജ്ഞാതനെ കുറിച്ച് സൂചനകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. കൈയില്‍ സഞ്ചിയുമായി അജ്ഞാതനായ ഒരാള്‍ ഈ പരസരത്തുണ്ടായിരുന്നതായി സ്‌ഫോടന സമയത്ത് കോടതിക്ക് മുന്നിലുണ്ടായിരുന്ന ചിലരാണ് പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരത്തിലൊരാളെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കോടതി വളപ്പില്‍ സിസിടിവി കാമറകളൊന്നുമില്ലാത്തതിനാല്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് ഇവിടെ ആരെല്ലാമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്താന്‍ പോലീസിനു സംവിധാനമൊന്നുമില്ല. ഇതേത്തുടര്‍ന്നു ഇപ്പോള്‍ പ്രദേശത്തെ വീടുകളിലെ സിസിടിവി പരിശോധിച്ചു വരികയാണ് പോലീസ്. മലപ്പുറം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിനു പുറമെ കോടതി പരിസരത്തെ വീടുകളിലെ സിസിടിവി ചിത്രങ്ങളും പരിശോധിക്കും.
ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം വരയ്ക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. മലപ്പുറം കളക്ടറേറ്റിലൂടെ സമീപ പ്രദേശങ്ങളിലേക്കു ഒട്ടേറെ വഴികളാണുള്ളത്. സ്‌ഫോടനം നടത്തിയശേഷം അജ്ഞാതന്‍ ഏതു വഴിയിലൂടെയാണ് രക്ഷപ്പെട്ടത് എന്നറിയാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. നഗരത്തോടു ചേര്‍ന്ന കളക്ടറേറ്റിലെ പ്രധാന കവാടത്തിലൂടെയാണ് രക്ഷപ്പെട്ടത് എന്നറിയാന്‍ കുന്നമ്മലിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച വരികയാണ്.
ഇതിനിടെ പെന്‍ഡ്രൈവില്‍ നിന്നു ലഭ്യമായ വിവരങ്ങളെത്തുടര്‍ന്നു തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണി ഉള്ളതിനാല്‍ കളക്ടറേറ്റിലും മറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കളക്ടറേറ്റുകളില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണ് മലപ്പുറത്തേത്. മൈസൂരിലും കൊല്ലത്തും ചിറ്റൂരിലും നടന്നതുപോലുള്ള സ്‌ഫോടനമായതിനാല്‍ എല്ലാറ്റിനും പിന്നില്‍ ഒരേ സംഘമാണെന്നാണ് സംശയിക്കുന്നത്. അതിനുള്ള ചില സൂചനകളും ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായി ആരെക്കുറിച്ചും പരാമര്‍ശങ്ങളില്ല. മറ്റു സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങളും ചില മുന്നറിയിപ്പുകളുമാണ് പെന്‍ഡ്രൈവിലുള്ളത്.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് സ്‌ഫോടനങ്ങള്‍ ഇടക്കിടെ ആര്‍ത്തിച്ചിരുന്നുവെങ്കിലും കുറച്ചു കാലമായി ഇത്തരം സംഭവങ്ങളുണ്ടായിരുന്നില്ല. മുന്‍കാലങ്ങളില്‍ പൈപ്പ് ബോംബ്, സിഗരറ്റ് ബോംബ് എന്നീ പേരുകളിലുള്ള സ്‌ഫോടക വസ്തുക്കള്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളും ജില്ലയില്‍ ആശങ്ക പരത്തിയിരുന്നു. എന്നാല്‍ പിന്നീട് ഏറെ കാലം ആസുത്രിത സ്‌ഫോടനങ്ങള്‍ ജില്ലയില്‍ നടന്നിരുന്നില്ല. ദേശീയ ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ ജില്ലയില്‍ കടന്നു കയറിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനം.
