പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ സംസാരിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. നോട്ടുവിവാദത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭനം പതിവായതോടെ പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ച സമവായ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭയില്‍ മോഡി പ്രസംഗിക്കുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചത്.

നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അറിയിച്ചത്. നിരോധനം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും രാജ്യത്ത് നോട്ട് ക്ഷാമം തുടരുകയാണ്.
ആവശ്യത്തിന് പണമില്ലാതെ ജനങ്ങള്‍ വിഷമിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു ചര്‍ച്ചയ്ക്കും തയ്യാറായിട്ടില്ല. ഇതോടെ പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച വിളിക്കണമെന്ന ആവശ്യമുയര്‍ത്തി സമവായ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം പിന്‍മാറിയിരുന്നു.

അതിനിടെ തന്റെ കീഴിലുള്ള മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ മോഡി കഴിഞ്ഞദിവസം ലോക്‌സഭയില്‍ എത്തിയിരുന്നു. എന്നാല്‍ നവംബര്‍ 28 വരെ വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതിനിടെ, പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സര്‍ക്കാരും രംഗത്തെത്തിയിരിക്കയാണ്.

എങ്കിലും പരിഷ്‌കരണ നടപടി പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. നോട്ട് പരിഷ്‌കരണ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ്. കോണ്‍ഗ്രസിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, തൃണമൂല്‍ നേതാവ് സുധീപ് ബന്ധോപാധ്യായ എന്നിവരുമായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *