കീഴടങ്ങാമെന്ന് പറഞ്ഞിട്ടും പോലീസ് നിറയൊഴിച്ചു

നിലമ്പൂര്‍: കരുളായിയിലെ മാവോയിസ്റ്റ്‌പോലീസ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് തെളിയുന്നു. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ചികിത്സയില്‍ കഴിയുന്നവരായിരുന്നുവെന്നും പോലീസ് ഏകപക്ഷീയമായ വെടിവെപ്പില്‍ ഇവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍. സംഘത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റ് നേതാവ് അക്ബറാണ് മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കുപ്പു ദേവരാജ് പ്രമേഹവും രക്തസമ്മര്‍ദവും കാരണം കിടപ്പിലായിരുന്നുവെന്നും ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ അജിത ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തിലായിരുന്നുവെന്നും അക്ബര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് മാധ്യമങ്ങള്‍ക്ക് അയച്ച ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു.

മറ്റുള്ളവരുടെ സഹായമില്ലാതെ ഇരുവര്‍ക്കും ഒരുകാര്യവും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാഴ്ച ശക്തിയും കുറവായിരുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനാണ് ക്യാംപില്‍ സഹപ്രവര്‍ത്തകരുണ്ടായിരുന്നതെന്നും അക്ബര്‍ വെളിപ്പെടുത്തി. നിലമ്പൂരിലെ പ്രമുഖ പത്രങ്ങളുടെ പ്രാദേശിക ലേഖകര്‍ക്കാണ് ഇന്നലെ വൈകീട്ടോടെ മാവോയിസ്റ്റ് നേതാവിന്റെ ഫോണ്‍ സന്ദേശം ലഭിച്ചത്.

പോലീസ് ടെന്റിനടുത്തേക്ക് വരുന്നത് 80 മീറ്റര്‍ അകലെ നിന്ന് തന്നെ തങ്ങള്‍ കണ്ടിരുന്നു. അസുഖബാധിതരായി എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്നിരുന്ന കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ സന്നദ്ധരാണെന്നറിയിച്ചിട്ടും പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. താനുള്‍പ്പെടുന്ന നാല് പേരോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടത് കുപ്പുദേവരാജായിരുന്നു. മൂന്ന് ഭാഗത്ത് നിന്നും തങ്ങളെ വളഞ്ഞ ദൗത്യസംഘത്തില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഇതിനിടെ മൂന്ന് റൗണ്ട് പോലീസിന് നേരെ വെടിയുതുര്‍ത്തിരുന്നുവെന്നും അക്ബര്‍ പറഞ്ഞു.

ക്യാമ്പിലുണ്ടായിരുന്നവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടാതെ തണ്ടര്‍ ബോള്‍ട്ട് സംഘം ക്യാമ്ബ് വളഞ്ഞ് ആക്രോശത്തോടെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. കമാന്‍ഡോകളുടെ ആക്രമണം നടക്കുമ്പോള്‍ ആറുപേരാണ് ക്യാംപിലുണ്ടായിരുന്നത്. പോലീസ് വെടിവെപ്പില്‍ കിടപ്പിലായവര്‍ കൊല്ലപ്പെട്ടതോടെ മറ്റുള്ളവര്‍ കാട്ടിലേക്ക് വലിഞ്ഞു. കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ വിശദപരിശോധന നടത്തുകയാണെങ്കില്‍ അവരുടെ ആരോഗ്യനില മനസ്സിലാക്കാന്‍ കഴിയുമെന്നും അക്ബര്‍ പറഞ്ഞു. തോക്ക് പോലെ ഭാരമുള്ള മറ്റ് എന്തെങ്കിലും വസ്തുക്കള്‍ എടുക്കാന്‍ പോലും ഇവര്‍ക്ക് കഴിയുമായിരുന്നില്ലെന്നും ക്യാമ്പിലുണ്ടായിരുന്നത് കുപ്പുദേവരാജിനും അജിതയ്ക്കും വേണ്ട മരുന്നുകളായിരുന്നു. വെടിവെപ്പ് കൊണ്ട് മാവോയിസത്തെ തകര്‍ക്കാനാകില്ലെന്നും ഇത് പോലീസിന്റെ കാടത്ത നടപടിയാണെന്നും അക്ബര്‍ പറഞ്ഞു.

നിലമ്പൂരിലെ പത്രലേഖകരുമായി ബന്ധം വച്ച് പുലര്‍ത്തിയിരുന്ന അക്ബര്‍ കേരളത്തിലെ മാവോയിസ്റ്റ് നേതാവ് സോമന്‍ ആണെന്നാണ് നിഗമനം. അതേസമയം തങ്ങള്‍ക്കു നേരേ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അതിനു വിരുദ്ധമാണ് മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *