യാസിന്‍ ഭട്കലടക്കം അഞ്ചു ഭീകരര്‍ക്കു വധശിക്ഷ

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ യാസിന്‍ ഭട്കലടക്കം അഞ്ചു ഭീകരര്‍ക്കു വധശിക്ഷ. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. അസദുള്ള അക്തര്‍ (ഹദ്ദി), സിയാ ഉര്‍ റഹ്മാന്‍ (വഖാസ്), മുഹമ്മദ് തഹ്‌സീന്‍ അക്തര്‍ (ഹസന്‍), അഹമ്മദ് സിദ്ദിബപ്പ സരാര്‍ (യാസിന്‍ ഭട്കല്‍), അജാസ് ഷെയ്ഖ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മുഹമ്മദ് റിയാസ് (റിയാസ് ഭട്കല്‍) ഒളിവിലാണ്. 2013ല്‍ ഹൈദരാബാദിലെ ദില്‍സുഖ് നഗറില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. 119 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്നു എന്‍ഐഎ പ്രത്യേക കോടതി നേരത്തെ വിധിച്ചിരുന്നു. അഞ്ചുപേരുടെയും കേസ് കഴിഞ്ഞ ഒരു വര്‍ഷമായി ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ നടന്നുവരികയായിരുന്നു. ഇത് ആദ്യമായാണ് ഇന്ത്യന്‍ മുജാഹുദീന്‍ പ്രവര്‍ത്തകര്‍ സ്‌ഫോടനക്കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തുന്നത്. 2009 ജൂണ്‍ 22ന് നിരോധിക്കപ്പെട്ട സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍. 2007 നവംബര്‍ ഏഴിന് വാരാണസി, ഫൈസാബാദ്, ലക്‌നോ കോടതികളിലും 2006 ജൂലൈയില്‍ വാരാണസി, മുബൈ എന്നിവിടങ്ങളിലും ഉണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹുദീനാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *