വട്ടിയൂര്‍ക്കാവില്‍ ഏത് കുറ്റിച്ചൂലും ജയിക്കും

കൊല്ലം: കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളും നിരത്തി കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കെ.കരുണാകരന്റെ ഓര്‍മ ദിവസം മുരളീധരന്‍ ഗള്‍ഫില്‍ കോണ്‍ഗ്രസ് വിമതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിടാനാണ് കരുണാകരന്‍ അനുസ്മരണം ഒഴിവാക്കി മകനായ മുരളി പോയത്. ഇത് കെപിസിസിയും പാര്‍ട്ടിയും അറിഞ്ഞാണോ എന്ന് തനിക്കറിയണമെന്നും മുരളി പങ്കെടുത്ത പരിപാടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി ഉണ്ണിത്താന്‍ ചോദിച്ചു. പാര്‍ട്ടി വക്താവായിട്ടല്ല വാര്‍ത്താ സമ്മേളനം നടത്തുന്നതെന്ന ആമുഖത്തോടെയാണ് ഉണ്ണിത്താന്‍ സംസാരിച്ചു തുടങ്ങിയത്. മുരളീധരനെതിരേ താന്‍ ഇതുവരെ പറഞ്ഞ ഒരു കാര്യവും പിന്‍വലിച്ചിട്ടില്ല. പട്ടടയില്‍ വയ്ക്കുന്നതുവരെ പിന്‍വലിക്കുകയുമില്ല. മുരളി തനിക്കെതിരേ ഉന്നയിച്ച മഞ്ചേരി കേസ് പ്രയോഗം കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ്. മഞ്ചേരി സംഭവത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി തന്നെ റദ്ദാക്കുകയായിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച് താന്‍ ഒരു കുറ്റവും ചെയ്തില്ലെന്ന് മനസിലാക്കി അഗ്‌നിശുദ്ധി വരുത്തിയാണ് താന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. താന്‍ ഇതുവരെ കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും പോയിട്ടില്ലെന്നും മൂന്ന് പാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷനായ ഏതെങ്കിലും നേതാവ് കേരളത്തില്‍ ഉണ്ടോ എന്നും ഉണ്ണിത്താന്‍ ചോദിച്ചു. സോണിയ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേലെന്നും വിളിച്ചവര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ അവരുടെ തന്നെ കാലുപിടിക്കേണ്ടിവന്നു. താന്‍ ഇതുവരെ പാര്‍ട്ടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. എന്നിട്ടും പാര്‍ട്ടി തനിക്ക് ഒരു പദവിയും നല്‍കിയില്ല. സോളാര്‍ കേസില്‍ കോണ്‍ഗ്രസിലെ എത്രയോ പേര്‍ക്കെതിരേ ലൈംഗിക, അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നിട്ട് എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും പാര്‍ട്ടി അന്വേഷിച്ചില്ലെന്നും തനിക്കും മറ്റുള്ളവര്‍ക്കും രണ്ടു നീതിയാണെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സോളാര്‍ കേസില്‍ ആരോപണ വിധേയരെ ചാനലുകളിലൂടെ നടന്ന് താനാണ് സംരക്ഷിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടില്‍ നിന്നും രക്ഷിച്ചത് താനാണ്. കോണ്‍ഗ്രസിന്റെ കുശിനിപ്പണി ചെയ്യുന്നതില്‍ തനിക്ക് അഭിമാനമേ ഉള്ളുവെന്നും മറ്റൊരു പാര്‍ട്ടിയുടെയും കുശിനി ജോലി താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ മകനായി മുരളി ജനിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പോലും ആകില്ലായിരുന്നു. വട്ടിയൂര്‍ക്കാവില്‍ രണ്ടു തവണ ജയിച്ചത് മുരളീധരന്റെ കേമത്തം കൊണ്ടല്ല. ജി.കാര്‍ത്തികേയനും മോഹന്‍കുമാറും നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായി ഏത് കുറ്റിച്ചൂല് നിന്നാലും അവിടെ ജയിക്കും. മുരളീധരന്‍ ആണായി ജനിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന വേശ്യയായി മാറി കോണ്‍ഗ്രസിനെ അപമാനിക്കുമായിരുന്നുവെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *