പത്തനംതിട്ട: പുതുവര്‍ഷ പുലരിയില്‍ ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനായ് തീര്‍ഥാടകരുടെ വന്‍തിരക്ക്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച തീര്‍ഥാടക പ്രവാഹം പത്ത് മണിക്കൂറോളം നീണ്ടു. പോയവര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ ഭക്തര്‍ എത്തിയതോടെ സന്നിധാനം ജനസാഗരമായി.
രാവിലെ ആരംഭിച്ച നെയ്യഭിഷേകം ഉച്ചവരെ തുടര്‍ന്നു. നിര്‍മാല്യത്തിനായി നട തുറന്നപ്പോള്‍ ദര്‍ശനത്തിന് കാത്ത് നിന്നവരുടെ നിര ശരംകുത്തി വരെയാണ് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു കൂടുതലും. ഒട്ടേറെ വിദേശ മലയാളികളും ആന്ധ്രയില്‍ നിന്നും കാല്‍നടയായി എത്തിയ സംഘങ്ങളും പുതുവര്‍ഷപുലരിയില്‍ മലചവിട്ടി.
ആയിരത്തോളം വരുന്ന പോലീസ് സേനയുടെ കനത്ത കാവലും നിരീക്ഷണവുമാണ് പമ്പമുതല്‍ മരക്കൂട്ടം വരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാദ്യഘോഷങ്ങളും ശരണംവിളികളും മധുരവിതരണവുമൊക്കെയായി എത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, അന്നദാനം, വിശ്രമം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോള നിരോധനത്തെത്തുടര്‍ന്ന് സന്നിധാനത്ത് ബോട്ടില്‍ ശീതള പാനീയങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പുതുവര്‍ഷപുലരി മുതല്‍ അധികൃതര്‍ കൂടുതല്‍ കുടിവെള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കലിയുഗവരദനായ ശബരീശനെ കാണാന്‍ ഇരുമുടിക്കെട്ടുമായി ഭക്തന് മലകയറുന്ന ഏറ്റവും തിരക്കേറിയ പുണ്യകാലം കൂടിയാണ് മകരവിളക്ക്. അതുകൊണ്ടുതന്നെ ഭക്തിനിര്‍ഭരമായ പുതുവര്‍ഷം കൂടി ലക്ഷ്യമിട്ടാണ് തീര്‍ഥാടകര്‍ മലചവിട്ടുന്നത്.
