ന്യൂഡല്‍ഹി: പെട്രോള്‍ പമ്പില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡ് ഉപയോഗത്തിന് ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരില്ല. ഇക്കാര്യത്തില്‍ ബാങ്കുകളും എണ്ണക്കമ്പനികളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കേണ്ടെന്ന് പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചിരുന്നു. കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതോടെ പമ്പുടമകള്‍ തീരുമാനം പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
