ന്യൂഡല്‍ഹി: ആകാശവാണി ഇനി മുതല്‍ ഡല്‍ഹിയില്‍ നിന്നു മലയാളം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യില്ല. പ്രാദേശിക വാര്‍ത്തകള്‍ ഇനിമുതല്‍ അതാത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി നിര്‍ദേശം നല്കി. മലയാളം, അസമീസ്, ഒഡിയ, തമിഴ് വാര്‍ത്തകളും നിലയ്ക്കും. ഇവയെല്ലാം ഇതുവരെ ഡല്‍ഹിയില്‍ നിന്നായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. മാര്‍ച്ച് ഒന്നു മുതലാണ് ഡല്‍ഹിയില്‍ നിന്നുള്ള സംപ്രേഷണം നിര്‍ത്തുന്നത്.
ഫെബ്രുവരി അവസാനത്തോടെ സംപ്രേഷണം നിര്‍ത്തും. മാര്‍ച്ച് മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നായിരിക്കും സംപ്രേഷണം ചെയ്യുക. മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് ഗുവാഹാട്ടി, ഒഡിയ, കട്ടക്ക്, തമിഴ്ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേഷണം ചെയ്യാനാണ് പ്രസാര്‍ഭാരതിയുടെ നിര്‍ദേശം.
പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറലിനു വേണ്ടി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി.കെ. ആചാര്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംപ്രേഷണങ്ങള്‍ അതാതു സംസ്ഥാനങ്ങളിലേക്കു മാറ്റുന്ന നടപടിയുടെ മുന്നൊരുക്കമാണ് ഈ മാറ്റം. രാവിലെ 7.25, ഉച്ചയ്ക്ക് 12.50, സന്ധ്യക്ക് 7.25 എന്നീ സമയങ്ങളിലായിരുന്നു ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നത്. നിലവില്‍ 17 പ്രാദേശിക ഭാഷകളില്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതെല്ലാം പടിപടിയായി ദില്ലിയില്‍ നിന്ന് മാറ്റാനാണ് തീരുമാനം. തെലുങ്ക്, കന്നട, സിന്ധി വാര്‍ത്തകള്‍ നേരത്തെ മാറ്റിയിരുന്നു. ഗുജറാത്തി, പഞ്ചാബി, ബംഗാളി, മറാത്തി, സംസ്കൃതം, ദോഗ്രി, നേപ്പാളി തുടങ്ങിയ ഭാഷകളിലുള്ള വാര്‍ത്താപ്രക്ഷേപണം തല്ക്കാലം തുടരും.
