തിരുവനന്തപുരം: ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ശക്തമായി നിലനില്‍ക്കുന്നുവെന്നും വിഎസ് പറഞ്ഞു. ദലിത് പീഡനപ്രശ്നവും ഭൂമി പ്രശ്നവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എസ്എഫ്ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ല. ദലിത് വിദ്യാര്‍ഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ല. കൂടുതല്‍ ഭൂമി കൈവശംവച്ച പ്രശ്നവും നിലനില്‍ക്കുന്നുണ്ടെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
വിഷയത്തില്‍ നേരത്തെയും വിഎസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ലെന്നായിരുന്നു വിഎസിന്റെ അഭിപ്രായപ്രകടനം.
ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റുകയും അഞ്ചു വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായി കോളജില്‍ വരില്ലെന്നുമാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മറ്റുവിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. ഇതിനിടെയാണ് ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന വിഎസിന്റെ അഭിപ്രായം.
ലോ അക്കാദമിക്കു സര്‍ക്കാര്‍ നല്കിയ ഭൂമിയുടെ ദുരുപയോഗം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനു കത്ത് നല്‍കിയിരുന്നു. ലോ അക്കാദമിയില്‍ നടക്കുന്നതു വിദ്യാര്‍ഥികളുടെ സമരം മാത്രമല്ല, പൊതുപ്രശ്നം കൂടിയാണെന്നും ഏകാധിപത്യ ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്മെന്റുകള്‍ക്കു കീഴടങ്ങുന്നതു ശരിയല്ലെന്നും വിഎസ് നേരത്തെ പറഞ്ഞിരുന്നു.
