ബഹ്‌റൈനില്‍ കേരള ക്ലിനിക്ക് തുടങ്ങും

മനാമ: ബഹ്‌റൈനിലെ മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഏഴു നിര്‍ദേശങ്ങള്‍ ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായി ഏഴിന ശുപാര്‍ശകള്‍ സമര്‍പ്പിച്ചത് . ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി ബഹ്‌റൈന്‍ കേരളീയ സമാജം 70ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യവേയാണ് നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ചാണ് മുഖ്യമന്ത്രി ബഹ്‌റൈന്‍ ഉന്നതനേതൃത്വവമായി ചര്‍ച്ചക്ക് എത്തിയതെന്ന വികാരമാണ് പ്രവാസലോകത്തുനിന്നു ഉയര്‍ന്നത്.
പ്രവാസി സംഘടനകളുടെ അജന്‍ഡയിലൊന്നും ഉയര്‍ന്നുവരാത്തതാണ് ഈ ശുപാര്‍ശകള്‍. പ്രധാനമന്ത്രിയും കിരീടവകാശിയും മുഖ്യമന്ത്രി സമര്‍പ്പിച്ച ശുപാര്‍ശകള്‍ വളരെ ശ്രദ്ധയോടെ വായിക്കുകയും അതുസംബന്ധിച്ച് സംസാരിക്കുകയുംചെയ്തു. കിരീടവകാശി ഒന്നാം ഉപപ്രധാനമന്ത്രികൂടിയാണ്. നിര്‍ദേശങ്ങള്‍ അടിയന്തരമായി പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കാന്‍ ഫസ്റ്റ് ഡെപ്യൂട്ടി പിഎം ഓഫീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയില്‍നിന്നു നിരവധി ഭരണകര്‍ത്താക്കള്‍ ഇവരുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ആരും ഇത്തരം ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുകയോ എഴുതി നല്‍കുകയോ ഉണ്ടായിട്ടില്ലെന്നാണ് പ്രവാസി സംഘടനകളുടെ അഭിപ്രായം. ബഹ്‌റൈനില്‍ കേരള പബ്ലിക് സ്‌കൂളും എന്‍ജിനിയറിങ് കോളജും സ്ഥാപിക്കുക എന്നതാണ് തന്റെ സുപ്രധാന നിര്‍ദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈന്‍ കേരള അക്കാദമിക് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്.

കേരളത്തിലെ അടിസ്ഥാനവികസനത്തിനായി വികസന ഫണ്ടിന് രൂപം നല്‍കുക എന്നി നിര്‍ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്. കേരളത്തിന്റെ മനുഷ്യവിഭവശേഷിയും ബഹ്‌റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തില്‍ ഒരു ‘ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ്’ ധനകാര്യജില്ലയുടെ രൂപവത്കരണം എന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി അവതരിപ്പിച്ചു.

ബഹ്‌റൈന്‍ കേരള സാംസ്‌കാരിക കൈമാറ്റത്തിനായി കേരളത്തില്‍ ബഹ്‌റൈന്‍ ഭരണാധികാരികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുകയെന്നതും അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങളിലുണ്ട്.

ബഹ്‌റൈനി പൗരന്‍മാരുടെ ചികിത്സക്കായി കേരളത്തില്‍ ആശുപത്രി സ്ഥാപിക്കുക, മലയാളികള്‍ക്കായി ബഹ്‌റൈനില്‍ കേരള ക്ലിനിക്ക് തുടങ്ങുക, ബഹ്‌റൈനിലെ മലയാളികള്‍ക്ക് നിയമസഹായം ലഭിക്കുന്നതിനായി ബഹ്‌റൈനിലെ നിയമ വ്യവസ്ഥകള്‍ക്കു വിധേയമായി ‘നോര്‍ക’യുടെ കീഴില്‍ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക എന്ന നിര്‍ദ്ദേശവും ഇതില്‍ ഉള്‍പ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *