മതേതര കൂട്ടായ്മക്ക് രൂപം നല്‍കും

മലപ്പുറം ദേശീയതലത്തില്‍ മതേതര പാര്‍ട്ടികളുമായി സഹകരിച്ച് ന്യൂനപക്ഷ, ദളിത്, പിന്നാക്ക കൂട്ടായ്മയുണ്ടാക്കുമെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മുമ്പത്തേതു പോലെയല്ല. അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ നടത്തുന്നത്.

 

 

പ്രധാനമന്ത്രി പോലും വിദ്വേശ പ്രസംഗം നടത്തുന്നു. ഒരുവശത്ത് ഡിജിറ്റലൈസേഷന്‍ പറയുമ്പോള്‍ മറുവശത്ത് അധികാരം നിലനിലര്‍ത്താന്‍ വര്‍ഗീയ ഉപാധികള്‍ തേടുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുക ശ്രമകരമാണെങ്കിലും ലീഗ് അതിന്റെ പങ്ക് നിര്‍വഹിക്കുമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. സാമുദായിക ദ്രുവീകരണം രാജ്യത്തിന്റെ അഖണ്ഡതയെ അപകടത്തിലാക്കും. മതേതര പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നിപ്പാണ് സംഘപരിവാറിന്റെ ശക്തി. ബിഹാറില്‍ മതേതരകക്ഷികളുടെ യോജിപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി പാഠമാണ്. യു.പിയില്‍ ഇത്തരമൊരു കൂട്ടായ്മയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബി.ജെ.പി തകര്‍ന്നടിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

യോജിക്കാവുന്ന വിശയങ്ങളില്‍ ദേശീയതലത്തില്‍ ഇടതുമായി സഹകരിക്കുന്നുണ്ട്. കേരളത്തിലെ സാഹചര്യം ഇതില്‍നിന്ന് വ്യത്യസ്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനാണ് മതേതരകൂട്ടായ്മയ്ക്ക് നേതൃത്വമേകാനാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുസഹകരണം സംബന്ധിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലും ലീഗിനുളള സാധ്യത വിലയിരുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണ്ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാധിനിത്യമുണ്ടായിരുന്നു. ഇവിടങ്ങളില്‍ പാര്‍ട്ടിയുടെ ശക്തി തിരിച്ചുകൊണ്ടുവരും. തമിഴ്‌നാട്ടില്‍ സ്റ്റാലിനുമായി വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

 

തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് വലിയ സാദ്ധ്യതയാണ് കാണുന്നത്. ലോക്‌സഭാ സീറ്റില്‍ ആര് മത്സരിക്കണമെന്നത് സമയമാവുമ്പോള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിയമനടപടികളുമായി മുന്നോട്ടുപോവും. മാര്‍ച്ച് 16ന് ഡല്‍ഹിയില്‍ ചേരുന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *