തിരുവനന്തപുരം: അടിമുടി ഓണ്‍ലൈനായി മാറി ചരിത്രമെഴുതി സംസ്ഥാന ധനവകുപ്പ്. ബജറ്റ് തയ്യാറാക്കല്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും പണം വിതരണം ചെയ്യുന്നതു വരെയുള്ള സകല സാമ്ബത്തിക പ്രവര്‍ത്തനങ്ങളും ഇനി ഓണ്‍ലൈന്‍ വഴിയായിരിക്കും. 2004 ല്‍ ആരംഭിച്ച് ഇപ്പോള്‍ പൂര്‍ത്തിയാക്കിയ സംയോജിത ധന മാനേജ്‌മെന്റ് സംവിധാനത്തിനു കീഴിലാണു ബജറ്റ്, വരവ്, ചെലവ്, സ്റ്റാംപ്, പെന്‍ഷന്‍, ശമ്ബളം, ട്രഷറി, ഫണ്ട്, ഓഡിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായത്.
അതോടെ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരുടെ ജോലിഭാരം മൂന്നിലൊന്നായി കുറയുകയും സര്‍ക്കാരിന്റെ ധനഇടപാടുകള്‍ കടലാസുരഹിതമായി മാറുകയും ചെയ്തു.
പദ്ധതിക്കു തുടക്കം കുറിച്ചതു കഴിഞ്ഞ സര്‍ക്കാരും പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരുമായതിനാല്‍ ചരിത്രം ഇരുകൂട്ടരുടെയും പേരില്‍ എഴുതിച്ചേര്‍ക്കപ്പെടും.
ഈ പദ്ധതിയിലൂടെയുള്ള മാറ്റങ്ങളും നേട്ടങ്ങളും :
* ലോകത്തെവിടെ നിന്നും 24 മണിക്കൂറും സര്‍ക്കാരിലേക്കു ട്രഷറി വഴി ഓണ്‍ലൈനായി പണം സ്വീകരിക്കാം. 10 ബാങ്കുകളെ ഇട്രഷറിയുമായി ബന്ധപ്പെടുത്തി.
*ബജറ്റിന് ആവശ്യമായ വിവരശേഖരണം മുതല്‍ ബജറ്റ് തയാറാക്കുന്നതു വരെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലൂടെ. വിവിധ വകുപ്പുകളിലേക്കു വിഹിതം കൈമാറുന്നതും ഓണ്‍ലൈനായി.
*ട്രഷറിയെ റിസര്‍വ് ബാങ്കിന്റെ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ പണം ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി കൈമാറാം.
*സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം തയാറാക്കുന്ന സ്പാര്‍ക് പോര്‍ട്ടലില്‍ നിന്നു ട്രഷറിയിലേക്കു നേരിട്ടു കണക്കെത്തും. ബില്ലുമായി ഓഫിസ് മേധാവി ട്രഷറിയിലെത്തി കാത്തുനില്‍ക്കേണ്ട.
*അക്കൗണ്ടന്റ് ജനറലുമായി ഓണ്‍ലൈന്‍ കണക്ടിവിറ്റി ഉള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തടസ്സങ്ങള്‍ വേഗം നീക്കാം.
*സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സര്‍വീസ് വിവരങ്ങള്‍ കേന്ദ്രീകൃത ഡേറ്റാ ബേസില്‍ ശേഖരിച്ചിരിക്കുന്നു.
*ഒരു സ്ഥലത്തു മാത്രം ഡേറ്റാ എന്‍ടി നടത്തുന്നതിനാല്‍ മനുഷ്യ അധ്വാനം കുറയുന്നു.
*എല്ലാ ട്രഷറികളെയും ബന്ധപ്പെടുത്തി കോര്‍ ബാങ്കിങ് സംവിധാനം. അക്കൗണ്ട് ഉടമകള്‍ക്ക് ഏതു ട്രഷറിയിലും ഇടപാടു നടത്താം.
*സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് അടയ്‌ക്കേണ്ട ബില്ലുകള്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈനായി ആ അക്കൗണ്ടില്‍ നിന്ന് അടയ്ക്കാം.
*സംസ്ഥാന ധനവിനിയോഗം സംബന്ധിച്ച സകല വിവരങ്ങളും ധനവകുപ്പിന് ഓണ്‍ലൈനായി നിരീക്ഷിക്കാനാകും.
