നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. ലക്കിടി നെഹ്‌റു ലോ കോളജ് അധ്യാപകന്‍ സുകുമാരന്‍, പി.ആര്‍.ഒ വത്സല കുമാര്‍, ലീഗല്‍ അഡ്വൈസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായി. തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസിനെ കൂടാതെ െ്രെകം ബ്രാഞ്ചും ചോദ്യം ചെയ്യുന്നുണ്ട്. തൃശൂര്‍ എരുമപ്പെട്ടി പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തതിന് ശേഷം കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി റൂറല്‍ എസ്.പി അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, അഞ്ച് പേര്‍ റാഗ് ചെയ്തു എന്ന് എഴുതിവാങ്ങിക്കല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണദാസിനെ ഇന്ന് തന്നെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും.

 
നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടി ജവഹര്‍ കാമ്പസിലെ ലോ കോളജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയിലാണ് നടപടി. അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ ഷഹീര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിന് കഴിഞ്ഞ ജനുവരി മൂന്നിന് ഷഹീറിനെ പാമ്പാടി കാമ്പസിലേക്ക് വിളിപ്പിച്ച് ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ഷഹീര്‍ പഴയന്നൂര്‍ പൊലിസില്‍ പരാതി നല്‍കി. ഇതില്‍ പൊലിസ് കേസെടുത്തിരുന്നു. ഈ കേസിലാണ് കൃഷ്ണദാസിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

 
ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ട കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കെയാണ് മറ്റൊരു കേസില്‍ കസ്റ്റഡിയിലായത്. ജിഷ്ണു കേസില്‍ മറ്റ് നാല് പ്രതികളില്‍ ഒരാളെപ്പോലും ഇതുവരെ പിടികൂടാനായിട്ടില്ല. പൊലിസിന്റെ അനാസ്ഥക്കെതിരെ ജിഷ്ണുവിന്റെ കുടുംബം ഈ മാസം 27 മുതല്‍ ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *