ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢത

മലപ്പുറം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ വിജിലന്‍സ് തത്തയുടെ ചിറകരിഞ്ഞു, കാലൊടിച്ചു എന്ന പറഞ്ഞ പിണറായി വിജയന്‍ വിജിലന്‍സ് തത്തയുടെചരമഗീതം പാടിയെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി ജി പിക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്കിയത് നിയമപരമായും ധാര്‍മികപരമായും തെറ്റാണ്.

 

 

ഇത്തരം കീഴ് വഴക്കവുമില്ല. പൊലീസിലെ അഴിമതിയും അന്വേഷിക്കാന്‍ അധികാരമുള്ള വിജിലന്‍സിന്റെ മേധാവി സ്ഥാനം ഡി ജി പിക്ക് തന്നെ നല്കിയിരിക്കുകയാണ്. സര്‍ക്കാറിന്റെ അഴിമതി വിരുദ്ധത അവകാശവാദം പൊളിഞ്ഞു. അഴിമതി വിരുദ്ധത എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചു. എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ച്ച  സംബന്ധിച്ച അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.

 

ചോദ്യപേപ്പര്‍ വിവാദത്തിന് കാരണക്കാരായ കെ എസ് ടി എ അധ്യാപക സംഘടനക്കാരെ രക്ഷിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഇതു  സംബന്ധിച്ച മൗനം വെടിയണം. പൊലീസ് ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയത് നാട്ടില്‍ ക്രമസമാധാനം തകരാന്‍ ഇടയാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *