പരപ്പനങ്ങാടി: കോടതി ഉത്തരവുണ്ടായിട്ടും 2011 മുതല്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്ത് വരുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നോണ്‍ അപ്രോവ്ഡ് ടീച്ചേഴ്‌സ് യൂനിയന്‍(എന്‍ എ ടി യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ശമ്പള വര്‍ദ്ധനവിനും അധ്യാപക ബാങ്കിനും തുക വകയിരുത്തുന്ന സര്‍ക്കാര്‍ ദിവസ വേതനം പോലും നല്‍കാന്‍ തയ്യാറാകാതെ 3000 അധ്യാപകരെ അഞ്ച് വര്‍ഷമായി കണ്ണീര് കുടിപ്പിക്കുകയാണെന്നു സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി യൂസഫ് എളംബിലാട്ട് പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് സായികിരണ്‍ അധ്യക്ഷനായി. അസീസ് പട്ടാമ്പി, കരീ എറണാകുളം പ്രസംഗിച്ചു . പരപ്പനങ്ങാടി ടൗണില്‍ നിന്നും രാവിലെ പത്തോടെ തുടങ്ങിയ മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു. മന്ത്രി വസതിയുടെ നൂറു മീറ്റര്‍ അകലെ താനൂര്‍ സി ഐ റാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നാല് മണിക്കൂറോളം റോഡില്‍ കുത്തിയിരുന്നു നടത്തിയ സമരം അവസാനിപ്പിക്കാന്‍ പല വട്ടം ചര്‍ച്ച നടത്തിയെങ്കിലും മന്ത്രിയെ കാണാതെ സമരം നിര്‍ത്തില്ലെന്നായി സമരക്കാര്‍. രണ്ട് മണിയോടെ സമരം ശക്തമാവുകയും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പൊലീസ് ലാത്തിവീശി. സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇരുനൂറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ പൊലീസ് മാര്‍ദ്ധനത്തില്‍ പരുക്കേറ്റ അദ്ധ്യാപകന്‍ സാജിര്‍ ആലത്തിയൂരിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
