ബ്രിട്ടന് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ തുടര്‍ കഥയാകുന്ന ബ്രിട്ടന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടന് വേണ്ടി ചെയ്യാന്‍ സഹായിക്കുന്ന എല്ലാ സഹായവും യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും നിങ്ങള്‍ക്കൊപ്പം, ദൈവം അനുഗ്രഹിക്കട്ടെയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലും ഭീകരാക്രമണങ്ങള്‍ നടന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തില്‍ ദുഖം രേഖപ്പെടുത്തി. ആക്രമണം ഞെട്ടിക്കുന്നതും കടുത്ത വേദനയുണ്ടാക്കുന്നതുമാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്ന് മോദി കുറിച്ചു.

കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറ്റിയും കത്തി ഉപയോഗിച്ച് കുത്തിയുമായിരുന്നു ആക്രമണങ്ങള്‍. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ലണ്ടന്‍ ബ്രിഡ്ജിലൂടെ നടന്നവര്‍ക്കിടയിലേയ്ക്ക് തീവ്രവാദികള്‍ വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. ആയുധധാരികളായ മൂന്നു പേരാണ് ആക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ലണ്ടനില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ലണ്ടന്‍ ബ്രിഡ്ജ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വാന്‍ ഇടിച്ചു കയറ്റിയ സമയത്തോടടുത്തു തന്നെ ബോറോ മാര്‍ക്കറ്റില്‍ ആക്രമികള്‍ ആളുകളെ കുത്തി വീഴ്ത്തി. കത്തിയുമായി ആക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് വെടിയുതിര്‍ത്തു. രണ്ട് ആക്രമികളെ കൊലപ്പെടുത്തിയതായും നിര്‍ദ്ദേശമുണ്ട്. രണ്ട് ആക്രമണങ്ങളും തീവ്രവാദികള്‍ നടത്തിയതാണെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് സംഗീത പരിപാടിക്കിടെ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു മാസം മുന്‍പ് വെസ്റ്റ് മിനിസ്റ്റര്‍ ബ്രിഡ്ജില്‍ സമാനമായ രീതിയില്‍ വാഹനം ഓടിച്ചു കയറ്റി ആക്രമണം നടത്തിയിരുന്നു. ഇതില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എട്ടാം തീയതിയാണ് ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *