ഖത്തര്‍ പ്രതിസന്ധി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരും

ന്യൂഡല്‍ഹി:  സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനം കൂടി. ബാരലിന് 35 സെന്റ് വര്‍ദ്ധിച്ച് 50.30 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച നാല് ശതമാനം ഇടിഞ്ഞ വിലയാണിപ്പോള്‍ പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡ് വില ഉയരുന്നത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ ഇടവരുത്തും. അതേസമയം, അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറില്‍ നിന്നുള്ള ക്രൂഡോയില്‍, ഗ്യാസ് വിതരണത്തെ ബാധിക്കില്ലെന്ന് ഖത്തര്‍ ഗ്യാസ് കമ്പനി വ്യക്തമാക്കി.

പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗമാണ് ഖത്തര്‍. പ്രതിദിനം ആറ് ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഖത്തര്‍ ഉല്‍പാദിപ്പിക്കുന്നത്. ഒപെക്കിലെ മറ്റ് രാജ്യങ്ങളുടെ ഉല്‍പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ പങ്ക് കുറവാണ്. എങ്കിലും, ഖത്തറില്‍ നിന്നുള്ള വിതരണം തടസപ്പെട്ടാല്‍ ക്രൂഡോയില്‍ വിലയില്‍ മുന്നേറ്റമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ എല്‍ എന്‍ ജി ഉല്‍പാദക രാജ്യമാണ് ഖത്തര്‍. എല്‍ എന്‍ ജി വിലയില്‍ വര്‍ധനയുണ്ടാകാനും ഖത്തറിന്റെ ഒറ്റപ്പെടല്‍ കാരണമാകും.

യൂറോപ്പിലേക്കും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഖത്തര്‍ ഏറ്റവുമധികം ഗ്യാസും ക്രൂഡോയിലും കയറ്റുമതി ചെയ്യുന്നത്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്‍ എന്‍ ജി വിതരണം തടസ്സപ്പെടില്ലെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോനെറ്ര് എല്‍ എന്‍ ജി പ്രതികരിച്ചു. ഖത്തറില്‍ നിന്ന് ഗ്യാസ് നേരിട്ടാണ് ഇന്ത്യയിലെത്തുന്നത്. പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ ഗ്യാസിന്റെ ഓര്‍ഡര്‍ ഖത്തറിന് ഇന്ത്യ നല്‍കിയിട്ടുണ്ട്.

ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള എല്ല നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചത്. സൗദി, യു എ ഇ,, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, ജീവനക്കാരെ ഉടന്‍ പിന്‍വലിക്കും. ഖത്തര്‍ സ്വദേശികള്‍ക്ക് തിരികെ രാജ്യത്തേക്ക് മടങ്ങാന്‍ 14 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *