കടന്നമണ്ണയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

മങ്കട: ഓട്ടോഡ്രൈവറായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കടന്നമണ്ണ പാറച്ചോട്ടില്‍പടിയിലെ പുന്തോട്ടത്തില്‍ ഉണ്ണീന്‍ കുട്ടിയുടെ മകന്‍ റിനീഷ് (21)നെയാണ് അടുത്ത വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മുതല്‍ യുവാവിനെ കാണാനില്ലായിരുന്നതായാണ് വിവരം. തന്റെ ഓട്ടോറിക്ഷ വീട്ടില്‍ നിര്‍ത്തിയ ശേഷം, കടന്നമണ്ണ എ.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നിരുന്ന ഫുട്ബാള്‍ മത്സരം കാണാനായി പോയതായിരുന്നുവെത്രെ, എന്നാല്‍ രാത്രി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മങ്കട പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈബര്‍സെല്‍ മുഖേനയും തെരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെയാണ് രാവിലെ 9 മണിയോടെ അയല്‍വീട്ടിലെ ഉപയോഗ ശൂന്യമായ കിണറിനരികെ ചെരുപ്പ് കണ്ടെത്തിയതോടെ ഇയാള്‍ കിണറ്റില്‍ വീണതാണെന്ന സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് മങ്കട പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് കിണറില്‍ നിന്നും 1 മണിയോടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച റിനീഷ് കോഴിക്കോട്ടുപറമ്പ് ടൗണിലാണ് ഓട്ടോ ഓടിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് കേസ്സെടുത്ത് അന്യേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പാറച്ചോട്ടില്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ് ഉണ്ണീന്‍കുട്ടി വിദേശത്താണ്. മാതാവ് ബുഷ്‌റ. റിന്‍ഷ, റിഷാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *