കൊച്ചി: തെക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന വെന്നിമലയില്‍ നിധിയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇവിടെ താമസിക്കുന്ന കുടുംബത്തിന് നിധിവേട്ടക്കാരുടെ ഭീഷണി.
ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച കോട്ടയം മീനടം സ്വദേശി പ്രിന്‍സ് പുന്നന്‍ മാര്‍ക്കോസിനും കുടുംബത്തിനും ആശ്വാസമായി ഹൈക്കോടതി നിര്‍ദ്ദേശം.
പ്രാഥമികപരിശോധന നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
നിധിയുണ്ടെന്ന് വിശ്വസിച്ച് പലരും ഭൂമിയില്‍ക്കയറി നിധി തിരയാന്‍ തുടങ്ങിയതോടെയാണ് കുടുംബം ജീവനും സ്വത്തിനും സംരക്ഷണംതേടി കോടതിയിലെത്തിയത്.
പ്രിന്‍സ് പുന്നന്‍ മാര്‍ക്കോസ്, അമ്മ ഏലിയാസ് മാര്‍ക്കോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. സ്ഥലം പരിശോധിച്ച് നിധിയുണ്ടെങ്കില്‍ നിയമാനുസൃതം നടപടിയെടുക്കണം. ഇല്ലെങ്കില്‍ അക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെപേരില്‍ ഭീഷണിയുമുണ്ട്. അമ്മ ഏലിയാമ്മയും തന്റെ രണ്ടുമക്കളുമാണ് വീട്ടില്‍ താമസിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ഒന്നരയേക്കറോളംവരുന്ന സ്ഥലത്തെ വീടിന് ഏറെ പഴക്കമുണ്ട്. വെന്നിമലകോട്ടയോടുചേര്‍ന്നുള്ള പറമ്പില്‍ പാറക്കെട്ടുകളും ചെറുകുളങ്ങളുമുണ്ട്. പ്രദേശം പരിശോധിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് ഹര്‍ജിക്കാരന്‍ മുന്‍പ് അപേക്ഷ നല്‍കിയിരുന്നു.
പ്രാഥമികാന്വേഷണം നടത്താന്‍ പുരാവസ്തുവകുപ്പ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. പുരാവസ്തുവകുപ്പാകട്ടെ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനോട് അന്വേഷിക്കാന്‍ പറഞ്ഞു.
തങ്ങള്‍ നിധിപരിശോധന നടത്താറില്ലെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മറുപടിനല്‍കി. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
