പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ഒരാഴ്ച്ചത്തെ സമയം അനുവദിച്ച കോടതി കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാവിലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയം വേണമെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അത്മാറം നാദ്കര്‍ണി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ പത്ത് മിനിറ്റിനുള്ളില്‍ തീരുമാനമെടുക്കാമെന്നും അടുത്ത വെള്ളിയാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

തപാല്‍ മുഖേനയോ പ്രതിനിധിയെ വച്ചോ പ്രവാസികള്‍ക്ക് വോട്ടവകാശം നടപ്പിലാക്കാമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. ഇ പോസ്റ്റല്‍ വോട്ട്, പ്രതിനിധി വോട്ട് എന്നീ പുതിയ രീതികളാണു പ്രവാസി സ്വന്തം മണ്ഡലത്തില്‍ വന്നു വോട്ട് ചെയ്യുന്നതിനു പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, എംബസികളിലോ കോണ്‍സുലേറ്റുകളിലോ വോട്ടിംഗ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതു പ്രായോഗികമല്ലെന്നും സുരക്ഷിതമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വോട്ടിംഗ് ഇപ്പോള്‍ നടത്താനാവില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *