പ്രവാസികളുടെ ചോരയും നീരും കാണാതിരുന്നുകൂടാ……

മലപ്പുറം: ലോകത്തെ സാമ്പത്തികമായി ശക്തമായ രാജ്യങ്ങള്‍ക്ക് പോലും  സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ ഇന്ത്യയ്ക്കും പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിനും ഏറെ ബുദ്ധിമുട്ടുണ്ടാകാതിരുന്നത് പ്രവാസി മലയാളികളുടെ വിയര്‍പ്പിന്റെ വിലയായ വിദേശ നാണ്യമായിരുന്നു. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് 50കളുടെ ഒടുവില്‍ മുതല്‍ ജോലിക്കായി പോയിരുന്നെങ്കിലും ആദ്യകാലത്ത് ഇതിലേറെയും യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇവരില്‍ മിക്കവരും അവിടെത്തന്നെ പൗരത്വം സ്വീകരിക്കുകയും ബന്ധുക്കളെ അങ്ങോട്ട് കൊണ്ടുപോവുകയും ചെയ്തിരുന്നു. പിന്നീട് നാടുമായുള്ള  ബന്ധം വര്‍ഷങ്ങള്‍ കൂടുമ്പോഴുള്ള ഒരു സന്ദര്‍ശനത്തിലൂടെയായിരുന്നു. സാമ്പത്തികമായി ഉയര്‍ന്നനിലയിലാണിവര്‍ ജീവിച്ചിരുന്നത്. ഇവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളോ നാട്ടിലെ സര്‍ക്കാര്‍ ഇടപെടലുകളോ ആവശ്യമുണ്ടായിരുന്നില്ല.

എന്നാല്‍ എഴുപതുകളോടെ സംസ്ഥാനത്ത് നിന്ന് പ്രത്യേകിച്ച് മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കുടിയേറ്റം തുടങ്ങി. മണലാരണ്യത്തിലേക്ക് ജോലി തേടിപ്പോയവര്‍ അവിടെ കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടുന്ന വരുമാനം അരമുറുക്കി നാട്ടിലെ പട്ടിണി മാറ്റാനായി അയക്കുയാണ് ചെയ്തിരുന്നത്. പിന്നീടങ്ങോട്ട് ഗള്‍ഫ് കുടിയേറ്റത്തിന്റെ തോത് ഉയര്‍ന്നു. വിദഗ്ധ തൊഴിലാളികളും അവിദഗ്ധ തൊഴിലാളികളുമെല്ലാം ഈ കുടിയേറ്റത്തിന്റെ ഭാഗമായി. അറബ് രാജ്യങ്ങളില്‍ കച്ചവട ശൃംഖല തീര്‍ത്തവരും ചെറിയ ജ്യൂസ് കടകള്‍ വരെ നടത്തുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാനത്തിന്റെ കണക്ക് നോക്കിയാല്‍ നാലിലൊന്ന് മലയാളിയും ഏതെങ്കിലും വിദേശ നാടുകളിലാണെന്ന് കാണാം. വലിയതോതിലുള്ള കുടിയേറ്റത്തെ തുടര്‍ന്നാണ് പ്രവാസികള്‍ക്കായി ഒരു വകുപ്പ് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്.

pravas02
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന പ്രവാസികാര്യ വകുപ്പിനെ വിദേശ കാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ തിരിച്ചടി ഇനി പ്രവാസികള്‍ നേരിടാന്‍ പോവുന്നതേയുള്ളൂ. ഒരു ക്യാബിനറ്റ് മന്ത്രിയുള്ള വകുപ്പാണ് ഉത്തരവാദിത്വങ്ങളേറെ പേറുന്ന വിദേശകാര്യവകുപ്പില്‍ അലിഞ്ഞില്ലാതാവുന്നത്. ഈ വകുപ്പിന്റെ രൂപീകരണത്തിന് ഏറെ സമ്മര്‍ദ്ധം ചെലുത്തിയ സംസ്ഥാനം കേരളമായിരുന്നു. കാരണം ഏറെ പ്രവാസികളുള്ള നാടാണിതെന്നതുകൊണ്ട് തന്നെ. വകുപ്പില്ലാതാവുന്നതോടെ പ്രവാസി പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവകാശവും അവസരവുമാണില്ലാതാവുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാറുകളോടും ആലോചിച്ചെടുക്കേണ്ട തീരുമാനമായിരുന്നു വകുപ്പുകളുടെ ലയനം. എന്നാല്‍ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയായിരുന്നു. പ്രവാസി വകുപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം വന്നത് മന്ത്രി സുഷമാ സ്വരാജിന്റെ ഒരു ട്വീറ്റിലൂടെയായിരുന്നു. പാര്‍ലിമെന്റിലും ഇതുസംബന്ധിച്ച ചര്‍ച്ചകളുണ്ടായില്ലെന്നത് ഭരണ സംവിധാനത്തോടുള്ള അവഹേളന കൂടിയാണ്.

ഗള്‍ഫിലെ വിദേശ നാണ്യം ജീവിത നിലവാരം തന്നെ നിശ്ചയിക്കുന്ന കേരളത്തില്‍ പ്രവാസി വകുപ്പിനെ എങ്ങനെ കാര്യക്ഷമമാക്കാമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ കേന്ദ്രതീരുമാനം. നിതാഖാത്ത് പോലുള്ള തിരിച്ചടികള്‍ ഗള്‍ഫ് നാടുകളിലുണ്ടാവുന്നുണ്ട്. അറബ് രാജ്യങ്ങളുടെ മുഖ്യവരുമാനമായ എണ്ണ വില ഇടിഞ്ഞത് രാഷ്ട്രങ്ങളെ ബാധിക്കുമ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന് ജോലിചെയ്യുന്നവരുടെ ആനുകൂല്യങ്ങളാണ് ആദ്യം കുറയ്ക്കുന്നത്. ബഹറൈന്‍ പോലുള്ള രാജ്യങ്ങളില്‍ സബ്‌സിഡികള്‍ കുറച്ചുകൊണ്ടുവരുകയാണ്. അതുപോലെ പെട്രോളിന് വിദേശികള്‍ക്ക് ഈ രാജ്യം വിലകൂട്ടിക്കഴിഞ്ഞു. ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പണം ഫലപ്രദമായ ഉല്പാദന മേഖലയില്‍ നിക്ഷേപമാക്കാനുള്ള ആലോചകള്‍ക്കും ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും കേരള സര്‍ക്കാറിനെക്കൊണ്ട് മാത്രം കഴിയില്ല. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാന താത്പര്യത്തിന് കനത്ത തിരിച്ചടിയാവുമത്. പ്രവാസികള്‍ക്ക് വകുപ്പുണ്ടായാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ആസൂത്രണത്തിലൂടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാനാവൂ. അതുകൊണ്ട് തന്നെ കേന്ദ്രതീരുമാനത്തിനെതിരെ ശക്തമായി സമ്മര്‍ദ്ധം ചെലുത്തേണ്ട സംസ്ഥാനവും കേരളമാണ്.

pravasi 02
ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഇരുമുന്നണികളും ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ തന്നെ കണ്ട് ഭവിഷ്യത്ത് ബോധ്യപ്പെടുത്തണം. കേന്ദ്രം ഭരിക്കുന്നത് ബി ജെ പി സര്‍ക്കാര്‍ ആയതുകൊണ്ട് തന്നെ സംസ്ഥാന താത്പര്യം കണക്കിലെടുത്ത് സംസ്ഥാന ബി ജെ പി നേതൃത്വവും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെട്ട് കേന്ദ്രത്തെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കണം. പ്രതിഷേധം നാട്ടിലെ പ്രസ്താവനയായി മാത്രമൊതുങ്ങുകയല്ല ഇവിടെ വേണ്ടത്. പ്രവാസി സംഘടനകളും മുന്നിട്ടിറങ്ങേണ്ട അവസരമാണ്. കേന്ദ്രത്തിലും സംസ്ഥാനസര്‍ക്കാറിലും സമ്മര്‍ദ്ധം എത്ര ചെലുത്താനാവുമോ അത്രയും ചെയ്താലേ പ്രവാസിക്ക് എന്തെങ്കിലും ഗുണമുണ്ടാവുന്ന വകുപ്പിനെ സ്വതന്ത്രമായി നിലനിര്‍ത്താനാവൂ.

പ്രവാസി വകുപ്പിന്റെ ഗുണങ്ങള്‍ അടുത്തിടെ ബോധ്യപ്പെട്ടതാണ്. സാധുതയുള്ള തൊഴില്‍ കരാറുകള്‍ ഉറപ്പാക്കാന്‍ പല ഗള്‍ഫ്  നാടുകളിലും വകുപ്പിനായിരുന്നു. അന്യനാട്ടില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്നതിലും നിയമകുരുക്കില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാനുമൊക്കെ ഈ വകുപ്പ് നിലനില്‍ക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *