ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
വിഷയത്തില്‍ കേന്ദ്രമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുഷമ.
കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അത് സര്‍ക്കാരിന്റെ കടമയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തിരച്ചിലില്‍ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, മൃതദേഹങ്ങളോ, ചോരപ്പാടുകളോ, ഐ.എസ് പുറത്തുവിട്ട ദൃശ്യങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വ്യക്തമായ തെളിവില്ലാതെ കാണാതായവരെ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.
താന്‍ പറയുന്നത് കള്ളമാണെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ക്ക് അക്കാര്യം അവരുടെ കുടുംബങ്ങളെ അറിയിക്കാം. അതേസമയം അവരെ ജീവനോടെ കണ്ടെത്തിയാല്‍ പറഞ്ഞതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മൊസൂളില്‍ നിന്നും ഇന്ത്യന്‍ തൊഴിലാളികളെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നത് 2014 ലാണ്.
ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചുവോ എന്നതിനെപ്പറ്റി 100 ശതമാനം ഉറപ്പ് പറയാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജഫാരി വ്യക്തമാക്കിയിരുന്നു.
