പത്തനംതിട്ട പത്തനംതിട്ട ജനറല്‍ ആശുപത്രി വികസത്തിന് പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി മാസ്റ്റര്‍പഌന്‍ തയ്യാറാകുന്നു. ആശുപത്രി പരിസരത്തെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആശുപത്രി വികസനത്തിന് പുതിയ മുഖം നല്‍കുന്നത്. വീണാ ജോര്‍ജ് എംഎല്‍എയുടെ മുന്‍കൈ പ്രവര്‍ത്തനത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്. ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളേജിനെ മാസ്റ്റര്‍പഌന്‍ തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തി നടപടി ആരംഭിച്ചു.
പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജനറല്‍ ആശുപത്രി അധികൃതര്‍, എന്‍ജിനീയറിങ് കോളേജ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്ത് ആലോചന യോഗം ചേര്‍ന്നു.
സ്ഥലം പരിശോധന നടത്തി.
ആശുപത്രിയിലെ ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് വിവിധ വഭാഗങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പദ്ധതി. ഡിജിറ്റലൈസ്ഡ് ഒപി, ഒപി വെയ്റ്റിങ് റൂം, ഫാര്‍മസി, ഐ കഌനിക്, ടോയ്‌ലെറ്റ് തുടങ്ങിയവയാണ് പ്രധാനമായും മാസ്റ്റര്‍ പഌനിലുള്ളത്.
ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ജനറല്‍ ആശുപത്രിയില്‍ അവര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഡിജിറ്റലൈസ്ഡ് ഒപി വരുന്നതോടെ പരിഹാരമാകും. ഓരോ വിഭാഗത്തിനായി പ്രത്യേകം ഒപി ക്രമീകരിച്ച് ടോക്കണ്‍ നമ്പര്‍ അനുസരിച്ച് രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഡിജിറ്റലൈസ്ഡ് ഒപി. ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികള്‍ക്കായാണ് വെയ്റ്റിങ് റൂം നിര്‍മിക്കുന്നത്. ഫാര്‍മസിക്കായി പുതിയ കെട്ടിടം നിര്‍മിക്കുന്നതോടൊപ്പം നിലവില്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയ്ക്കായി അനുവദിച്ച കാരുണ്യ ഫാര്‍മസിക്ക് സൌകര്യം ഏര്‍പ്പെടുത്തും. ഇതിന് പഌന്‍ തയ്യാറാക്കി സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.
നിലവിലെ ഉപയോഗ ശൂന്യമായ കെട്ടിടവും മറ്റും പൊളിച്ചുനീക്കി പരമാവധി സ്ഥലം കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. നേത്ര രോഗ വിഭാഗത്തിനായി നവീകരണ സംവിധാനത്തോടെ പ്രത്യേക ബ്‌ളോക്ക് നിര്‍മിക്കും. എ, ബി, സി ബ്‌ളോക്കുകളില്‍ അറ്റകുറ്റപ്പണി നടത്തും. പാര്‍ക്കിങിന് വിശാലമായ സ്ഥലം ഒരുക്കുകയും മാസ്റ്റര്‍ പഌനിലുണ്ട്. ഒരു മാസത്തിനുള്ളില്‍ മാസ്റ്റര്‍പഌന്‍ തയ്യാറാക്കി നല്‍കുമെന്ന് എന്‍ജിനിയറിങ് കോളേജ് അധികൃതര്‍ അറിയിച്ചു.
മാസ്റ്റര്‍ പഌന്‍ തയ്യാറാക്കി കിട്ടുന്ന മുറയ്ക്ക് ഇത് പദ്ധതിയാക്കി സംസ്ഥാന സര്‍ക്കാരിന് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കാനാണ് ഉദേശിക്കുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മാസ്റ്റര്‍ പഌന്‍ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനം വിലയിരുത്തും.
ബി ബ്‌ളോക്കിന് സമീപം സ്വകാര്യ വ്യക്തിയില്‍നിന്ന് ഏറ്റെടുത്ത 17.5 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കാര്‍ഡിയോളജി വിഭാഗവും അത്യാഹിത വിഭാഗവും സ്‌കാനിങ് സെന്ററുകളും പുതിയ ഒപിയുമെല്ലാം ഉള്‍പ്പെടുത്തി ക്രമീകരിച്ച് ആറ് നില കെട്ടിടം നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നഗരസഭ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, കൌണ്‍സിലര്‍ ആര്‍ ഹരീഷ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശ്രീലത, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി സജീവ്, സിവില്‍ എന്‍ജിനീയറിങ് വിഭാഗം ഹെഡ് ജിഷ ബാലകൃഷ്ണന്‍, അധ്യാപകന്‍ എബി തോമസ്, അസി. എന്‍ജിനീയര്‍ സുജി മോള്‍, ഡോ. വി ഉമേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തോമസ് ഉഴുവത്ത്, ആശുപത്രി വികസന സമിതിയംഗം നൌഷാദ് കണ്ണങ്കര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍ജിനിയറിങ് കോളേജിലെ സിവില്‍ വിഭാഗം വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു.
