വികസനം: പ്രതിരോധമാര്‍ഗ്ഗങ്ങളുമായി അക്കാദമിക് സമൂഹം മുന്നോട്ട് വരണം

തിരൂര്‍: പ്രകൃതി വിഭവങ്ങളുടെ അമിത ഉപഭോഗം മൂലവും തെറ്റായ നയങ്ങളാലും മലീമസമായ ഇന്ത്യയുടെ വികസന മേഖലയെ ആഴത്തില്‍ പഠിച്ച്, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ആരായാനും സുസ്ഥിരവികസനത്തിലേക്ക് നയിക്കാനും അക്കാദമിക് സമൂഹം തയ്യാറാവണമെന്ന് ലോകപ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ പ്രസ്താവിച്ചു.

 

മൊത്ത ആഭ്യന്തര ഉല്‍പ്പാദനം വികസനമാനദണ്ഡമാക്കുന്നതിനപ്പുറം മനുഷ്യനിര്‍മിത, പ്രകൃതിദത്ത മൂലധനങ്ങളും മനുഷ്യാധ്വാനവും സാമൂഹ്യമൂലധനവും അടിസ്ഥാനമാക്കിയുള്ള വികസന സങ്കല്‍പം പുനഃസ്ഥാപിക്കപ്പെടണമെന്നും മലയാളസര്‍വകലാശാലയില്‍ ‘കാലാവസ്ഥാ മാറ്റത്തിന്റെയും സുസ്ഥിരതയുടെയും അര്‍ത്ഥശാസ്ത്രം’ എന്ന വിഷയത്തില്‍ നടക്കുന്ന ത്രിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

 
ആയുധവ്യാപാരവും മയക്കുമരുന്ന് കടത്തും സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങ ളുടെ വിപണിയിലുണ്ടായ വിസ്‌ഫോടനവുമെല്ലാം ഉപഭോഗാസക്തിയില്‍ അധിഷ്ഠിതമായ വികസനമേഖലയെ കൂടുതല്‍ പ്രതിലോമക രമാക്കിയെന്ന് ഗാഡ്ഗില്‍ പറഞ്ഞു. കൂറ്റന്‍ പാര്‍പ്പിടങ്ങളില്‍ പലതിലും ആള്‍താമസമില്ല. എന്നാല്‍ ചേരികള്‍ വളര്‍ന്നുകൊണ്ടിരിക്കയാണ്. പൊതുസമൂഹത്തിന് വേണ്ടി എന്ന നാട്യത്തില്‍ സങ്കുചിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വികസനമാണ് നടക്കുന്നത്.

 

വിപണി സമ്പദ് വ്യവസ്ഥയെ ആരാധിക്കുന്ന പുതിയ വികസന നയങ്ങള്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും  ജനവികാരങ്ങളെയും കാറ്റില്‍ പറത്തുകയാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ ദുരുപയോഗവും ദീര്‍ഘനാളത്തെ പോഷകാഹാരക്കുറവും ആരോഗ്യ സംരക്ഷണത്തിലെ അനാസ്ഥയും മനുഷ്യവിഭവശേഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യമെന്നാല്‍ മതിയായ ഭക്ഷണവും ശുദ്ധജലവും പാര്‍പ്പിടവും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും തൊഴിലുമാണ്. അതിലുപരി സാമൂഹ്യ-സാമ്പത്തിക തീരുമാനങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഇടപെടാനുള്ള അവസരം ഒരുക്കുമ്പോഴാണ് യഥാര്‍ത്ഥ വികസനം സാധ്യമാവുന്നത്.

 
പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും ചെലവില്‍ പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ പരിസ്ഥിതി നാശവും നിയമസലംഘനങ്ങളും ആരും കണക്കിലെടുക്കുന്നില്ലെന്നും ഭൂമി, വെള്ളം, വനം, ധാതുക്കള്‍ എല്ലാം സ്വകാര്യമേഖല കയ്യടക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
വൈസ് ചാന്‍സലര്‍ കെ. ജയകുമാറന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ടി. പി കുഞ്ഞിക്കണ്ണന്‍, രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, ഡോ. ടി. അനിതകുമാരി, കുമാരി ആതിര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *